Connect with us

siddique kappan case

സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജിയില്‍ യു പി സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ്

സെപ്തംബര്‍ ഒമ്പതിന് ജാമ്യഹരജിയില്‍ തീര്‍പ്പാക്കും

Published

|

Last Updated

ന്യൂഡല്‍ഹി ‌ ഹഥ്‌റാസ് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ്. എന്തുകൊണ്ട് ജാമ്യം എതിര്‍ക്കുന്നുവെന്നതിലും കാപ്പനെ പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ സംബന്ധിച്ചും വിശദമായ വിവരം നല്‍കണമെന്നാണ് യു പി സര്‍ക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സത്യവാങ്മൂലം നല്‍കണമെന്നാണ് ആവശ്യം. സെപ്തംബര്‍ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും. അന്ന് ഹരജി തീര്‍പ്പാക്കുമെന്നും കോടതി അറിയിച്ചു.

ഹഥ്‌റാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് സിദ്ദീഖ് കാപ്പനെ യു പി പോലീസ് അറസ്റ്റ് ചെയ്തത്. ഹഥ്‌റാസിന് 92 കിലോ മീറ്റര്‍ അകലെയുള്ള മഥുര ടോള്‍പ്ലാസില്‍വെച്ചാണ് താന്‍ പിടിയിലായത്. പിന്നെ എങ്ങനെ ഹഥ്‌റാസില്‍ കലാപത്തിന് താനിക്ക് പണം വിതരണം ചെയ്യാനാകുമെന്ന് കാപ്പന്‍ ജാമ്യഹരജിയില്‍ ചോദിച്ചു. ഒരു തീവ്രവാദ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടില്ല. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജോലിയുടെ ഭാഗമായാണ് ഹഥ്‌റാസിലേക്ക് പോയത്. തനിക്കെതിരെ പോലീസ് രാജ്യദ്രോഹ കേസെടുത്തിരിക്കുന്നത് ഒരു തെളിവുമില്ലാതെയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

രണ്ടര വര്‍ഷമായി യു എ പി എ ചുമത്തി സിദ്ദീഖ് കാപ്പനെ യു പി പോലീസ് തടവറയില്‍ തള്ളിയിരിക്കുകയാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. അഭിഭാഷകരായ കപില്‍ സിബല്‍, ഹാരിസ് മീരാന്‍ എന്നിവരാണ് സിദ്ദീഖ് കാപ്പന് വേണ്ടി ഹാജരായത്.

 

 

Latest