Connect with us

National

മസ്ജിദുകളിലെ സർവേ നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവ്

ആരാധനാലയ സംരക്ഷണ നിയമം ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഉൾപ്പെട നൽകിയ ആറ് ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ

Published

|

Last Updated

ന്യൂഡൽഹി | പള്ളികൾ അടക്കം ആരാധനാലയങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സർവേകൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് സുപ്രീം കോടതി. സുപ്രീം കോടതിയിൽ നിന്ന് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റാനുള്ള പുതിയ ഹരജികൾ പരിഗണിക്കരുതെന്ന് വിചാരണ കോടതികൾക്ക് പരമോന്നത കോടതി നിർദേശം നൽകി. നിലവിൽ തീർപ്പാകാതെ കിടക്കുന്ന ഇത്തരം ഹരജികളിൽ സർവേക്ക് ഉത്തരവിടരുതെന്നും കോടതി ഉത്തരവിട്ടു.

ആരാധനാലയ സംരക്ഷണ നിയമം ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഉൾപ്പെട നൽകിയ ആറ് ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. നേരത്തെ ഈ ഹരജികളിൽ സുപ്രീം കോടതി കേന്ദ്ര സർക്കാറിന്റെ മറുപടി തേടിയിരുന്നു. എന്നാൽ കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല. കേന്ദ്രസർക്കാർ മറുപടി നൽകുന്നതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകില്ലെന്നും കോടതി പറഞ്ഞു.

1991ലെ ആരാധനാലയ സംരക്ഷണ നിയമം ഇത്തരം ഹരജികൾ നൽകുന്നത് വ്യക്തമായി വിലക്കുന്നുവെന്നും 1991ലെ നിയമത്തിന്റെ സാധുത നിലനിൽക്കുന്നതുവരെ ഇത്തരം ഹർജികളിൽ നടപടി സാധ്യമല്ലന്നും ചീഫ് ജസ്റ്റിസ് (സിജെഐ) സഞ്ജീവ് ഖന്ന , ജസ്റ്റിസുമാരായ പി വി സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

മധ്യകാലഘട്ടത്തിൽ നിരമിക്കപ്പെട്ട പള്ളികളുടെയും ദർഗകളുടെയും ഉടമസ്ഥാവകാശം അവകാശപ്പെട്ട് രാജ്യത്ത് പലയിടങ്ങളിലും കോടതികളിൽ ഹർജികൾ ഫയൽ ചെയ്യുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഇത് വിലക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തർപ്രദേശിലെ സംഭലിൽ പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച പള്ളിയുടെ മേൽ അവകാശവാദം ഉന്നയിച്ച് ഹിന്ദുത്വർ നൽകിയ ഹർജിയെ തുടർന്ന് വിചാരണ കോടതി സർവേക്ക് ഉത്തരവിട്ടിരുന്നു. ഇത് ആക്രമണത്തിന് കാരണാകുകയും നാല് പേർ കൊല്ലപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ അജ്മീർ ദർഗയിൽ അവകാശവാദം ഉന്നയിച്ചും ഹിന്ദുത്വർ കോടതിയെ സമീപിച്ചിരുന്നു. ബന്ദ-ബഹ്‌റൈച്ച് ഹൈവേയിലെ 185 വർഷം പഴക്കമുള്ള മുസ്ലീം പള്ളിയുടെ ഒരു ഭാഗം തകർത്ത സംഭവവും കഴിഞ്ഞയാഴ്ച ഉണ്ടായി

നേരത്തെ മഥുര ഷാഹി മസ്ജിദിലും ഗ്യാൻവാപി മസ്ജിദിലും അവകാശവാദ ഉന്നയിച്ച് സമർപ്പിക്കപ്പെട്ട ഹരജികളിലും സർവേക്ക് കോടതികൾ ഉത്തരവ് നൽകിയിരുന്നു.

---- facebook comment plugin here -----

Latest