National
ജസ്റ്റിസ് വർമയെ ജുഡീഷ്യൽ ചുമതലകളിൽ നിന്ന് മാറ്റി നിർത്താൻ സുപ്രീം കോടതി നിർദേശം
അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഈ നിർദേശം നൽകിയത്.

ന്യൂഡൽഹി | അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മക്ക് തൽക്കാലം ജുഡീഷ്യൽ ചുമതലകൾ നൽകരുതെന്ന് സുപ്രീം കോടതി നിർദേശം. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഈ നിർദേശം നൽകിയത്. വീട്ടിൽ നിന്ന് അനധികൃത പണം കണ്ടെടുത്തതിനെ തുടർന്ന് അന്വേഷണം നേരിടുന്ന യശ്വന്ത് വർമയെ ഇന്നാണ് അദ്ദേഹത്തിന്റെ മാതൃ ഹൈക്കോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്.
മാർച്ച് 14-ന് ജസ്റ്റിസ് വർമ്മയുടെ വസതിയിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് പണക്കെട്ട് കണ്ടെത്തിയ സംഭവത്തിൽ സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര സമിതിയുടെ അന്വേഷണം നടക്കുന്നതിനിടെയാണ് യശ്വന്ത് വർമയെ സ്ഥലം മാറ്റിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനം പുറത്തുവന്നത്. നേരത്തെ സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് വർമയെ മാതൃ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ ശുപാർശ ചെയ്തിരുന്നു.
2021-ലാണ് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ജസ്റ്റിസ് വർമയെ ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റിയത്.