National
ലൈസൻസില്ലാത്ത തോക്കുകൾ കൈവശം വെക്കുന്നത് തടയാൻ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
ലൈസൻസില്ലാത്ത ആയുധങ്ങൾ കൈവശം വെക്കുന്ന പ്രവണത വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് കോടതി
ന്യൂഡൽഹി | രാജ്യത്ത് ലൈസൻസില്ലാത്ത തോക്കുകൾ കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും തടയാൻ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ഒരു കൊലപാതക കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് രജിസ്റ്റര് ചെയ്തത്.
ലൈസൻസില്ലാത്ത ആയുധങ്ങൾ കൈവശം വെക്കുന്ന പ്രവണത വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ബെഞ്ച് വിലയിരുത്തി. അമേരിക്കയിൽ നിന്ന് വ്യത്യസ്തമായി, അനുമതിയില്ലാതെ ഇന്ത്യയിൽ ആർക്കും തോക്കുകൾ കൈവശം വയ്ക്കാൻ അനുവാദമില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
യുഎസ് ഭരണഘടന പ്രകാരം ആയുധം കൈവശം വയ്ക്കാനുള്ള അവകാശം മൗലികാവകാശമാണ്. എന്നാൽ നമ്മുടെ സ്ഥാപക പിതാക്കന്മാരുടെ വിവേകത്തിന് കീഴിൽ, ഭരണഘടന പ്രകാരം അത്തരമൊരു അവകാശം ആർക്കും നൽകിയിട്ടില്ല. എല്ലാവരുടെയും ജീവൻ സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയം സ്വതന്ത്രമായി വിട്ടാൽ അത് നിയമവാഴ്ചയ്ക്ക് കനത്ത പ്രഹരമാകുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
ലൈസൻസില്ലാത്ത തോക്കുകളുടെ ഉപയോഗവും കൈവശം വച്ചതും സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ബെഞ്ച് ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ പ്രവണത അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പട്ടികപ്പെടുത്താനും കോടതി നിർദേശിച്ചു. നാലാഴ്ചയ്ക്കകം സംസ്ഥാന ഡി.ജി.പിയാണ് സത്യവാങ്മൂലം സമർപ്പിക്കേണ്ടത്.