Kerala
ഷീല സണ്ണിയെ മയക്ക്മരുന്നു കേസില്‍ കുടുക്കിയ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ നാരായണ ദാസ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു
![](https://assets.sirajlive.com/2024/02/sheela-sunny-897x538.jpg)
ന്യൂഡല്‍ഹി \ ചാലക്കുടിയിലെ ബ്യൂട്ടീഷ്യന്‍ ഷീല സണ്ണിയെ മയക്കുമരുന്നുകേസില്‍ കുടുക്കിയ പ്രതി തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി എം എന്‍ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ നാരായണ ദാസ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.
തെറ്റായ പരാതികളില്‍ തകരുന്നത് ഇരകളാകുന്നവരുടെ ജീവിതമാണെന്നും അത്തരം പരാതികള്‍ ഉന്നയിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഹര്‍ജിക്കാരന്‍ ഏഴുദിവസത്തിനകം കീഴടങ്ങണമെന്നും പോലീസിന്റെ പ്രത്യേക അന്വേഷകസംഘം മൂന്നുമാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വ്യാജ ആരോപണത്തില്‍ 20 വര്‍ഷംവരെ തടവും രണ്ടുലക്ഷം രൂപവരെ പിഴയും കിട്ടാവുന്ന കുറ്റങ്ങളാണ് ഷീലയ്‌ക്കെതിരെ ചുമത്തിയത്. ഇതുകൂടി കണക്കിലെടുത്താണ് പ്രതിയുടെ ഹരജി തള്ളിയത്. നാരായണദാസ് നല്‍കിയ രഹസ്യവിവരം അനുസരിച്ചാണ് ഷീലയെ അറസ്റ്റ് ചെയ്തതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നാരായണദാസിനെതിരെ കേസെടുക്കുകയായിരുന്നു. കള്ളക്കേസുണ്ടാക്കാനായി ലഹരിമരുന്ന് നാരായണദാസ് ശേഖരിച്ചതാണെങ്കില്‍ ഷീലയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഇയാള്‍ക്കും ബാധകമാകുമെന്നും കോടതി പറഞ്ഞു. കേസില്‍ പ്രത്യേക അന്വേഷകസംഘം രൂപീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി തീരുമാനിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
2023 മാര്‍ച്ച് 27നാണ് ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കള്‍ എക്‌സൈസ് പിടിച്ചെടുത്തത്. തുടര്‍ന്ന് ഇവര്‍ 72 ദിവസം ജയിലിലായിരുന്നു. എന്നാല്‍, രാസപരിശോധനയില്‍ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. തുടര്‍ന്ന് കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഷീല സണ്ണിയും മരുമകളുമായി കുടുംബതര്‍ക്കമുണ്ടായിരുന്നു. ഷീലയെ കുടുക്കാന്‍ മരുമകളുടെ സഹോദരീസുഹൃത്തായ നാരായണദാസിനെ ഉപയോഗിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്