National
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; ബാബ രാംദേവിന്റെ മാപ്പപേക്ഷ തള്ളി സുപ്രീം കോടതി
മാപ്പപേക്ഷ പേപ്പറില്‍ മാത്രമാണെന്നും യഥാര്‍ഥത്തില്‍ അവര്‍ നിയമസംവിധാനത്തോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്നും വ്യക്തമാക്കിയ സുപ്രീംകോടതി അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചു
ന്യൂഡല്‍ഹി | തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ പതഞ്ജലി സ്ഥാപകരായ ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവരുടെ മാപ്പപേക്ഷ തള്ളി സുപ്രീം കോടതി.
മാപ്പപേക്ഷ പേപ്പറില്‍ മാത്രമാണെന്നും യഥാര്‍ഥത്തില്‍ അവര്‍ നിയമസംവിധാനത്തോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്നും വ്യക്തമാക്കിയ സുപ്രീംകോടതി അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചു.
മാപ്പപേക്ഷ ആദ്യം മാധ്യമങ്ങള്‍ക്ക് അയച്ച ബാബ രാംദേവിന്റെ നടപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. പതഞ്ജലിക്കെതിരെ നടപടിയെടുക്കാത്തിന് ഉത്തരാഖണ്ഡിലെ ലൈന്‍സിങ് അധികൃതരെ കടുത്തഭാഷയില്‍ കോടതി വിമര്‍ശിച്ചു. കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി തൃപ്തരല്ലെന്നും അറിയിച്ചു.തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പതഞ്ജലി പരസ്യം പ്രചരിപ്പിച്ച കേസില്‍ കേന്ദ്രം സ്വീകരിച്ച നിലപാട് എന്താണെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം വിശദീകരണം സമര്‍പ്പിച്ചത്.നേരത്തെ, ബാബാ രാംദേവിനെയും ആചാര്യ ബാലകൃഷ്ണയെയും വിളിച്ചുവരുത്തി കോടതി വിമര്‍ശിച്ചിരുന്നു. ഇവര്‍ എഴുതിനല്‍കിയ മാപ്പപേക്ഷ തള്ളുകയും ചെയ്തു.