National
ഇവിഎം വോട്ടുകൾക്ക് ഒപ്പം വിവിപാറ്റ് സ്ലിപ്പുകളും പൂർണമായും എണ്ണണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി
ഡൽഹി ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്നും അതിനാൽ ഹരജി തള്ളുകയാണെന്നും ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി | ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം വിവിപാറ്റ് (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രെയിൽ) സ്ലിപ്പുകളും 100 ശതമാനം എണ്ണണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹാൻസ് രാജ് ജെയിൻ എന്നയാൾ നൽകിയ ഹർജി തള്ളിയത്. ഈ വിഷയത്തിൽ 2024 ഓഗസ്റ്റ് 12 ലെ ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്തായിരുന്നു ഹർജി.
ഡൽഹി ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്നും അതിനാൽ ഹരജി തള്ളുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സമാന വിഷയങ്ങളിൽ താൻ നേതൃത്വം നൽകിയ സുപ്രീം കോടതി ബെഞ്ച് നേരത്തെ വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും അത് വീണ്ടും വീണ്ടും ഉന്നയിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിഎമ്മുകൾ സുരക്ഷിതവും ലളിതവും ഉപയോക്തൃ സൗഹൃദവുമാണെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 12 ന് ഡൽഹി ഹൈക്കോടതി സുപ്രീം കോടതിയുടെ വിധികൾ ഉദ്ധരിക്കുകയും ജെയിൻ്റെ ഹർജി തള്ളുകയും ചെയ്തു. പിന്നീട്, വിധി പുനഃപരിശോധിക്കണമെന്ന അദ്ദേഹത്തിൻ്റെ അപേക്ഷയും ഹൈക്കോടതി നിരസിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
ഭാവിയിൽ വിവിപാറ്റ് സംവിധാനത്തിൽ, പ്രിന്റർ തുറന്നിരിക്കണമെന്നും, പ്രിന്റ് ചെയ്ത് പുറത്തുവരുന്ന ബാലറ്റ് വോട്ടർക്ക് പരിശോധിക്കാൻ അവസരം നൽകണമെന്നും, അതിനുശേഷം പ്രിസൈഡിംഗ് ഓഫീസർക്ക് കൈമാറുന്നതിന് മുമ്പ് വോട്ടർ അത് ഉറപ്പാക്കണമെന്നും ജെയിൻ ഹരജിയിൽ പറയുന്നു. കൂടാതെ, കൺട്രോൾ യൂണിറ്റ് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് വോട്ടെണ്ണലിനൊപ്പം വിവിപാറ്റ് സ്ലിപ്പുകൾ 100 ശതമാനം എണ്ണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡെമോക്രാറ്റിക് റിഫോംസ് അസോസിയേഷൻ vs. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ കേസിലെ സുപ്രീം കോടതി വിധി ഈ വിഷയത്തിൽ നിലവിലുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹർജിയിലെ വിഷയം ഇനി നിലനിൽക്കുന്നില്ലെന്ന് സുപ്രീം കോടതിയുടെ വിധി ഉദ്ധരിച്ച് അന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.