Connect with us

National

തിരഞ്ഞെടുപ്പിന് ശേഷം ഇ വി എമ്മിലെ വിവരങ്ങള്‍ നശിപ്പിക്കരുതെന്ന് സുപ്രീം കോടതി

ഇ വി എം മെമ്മറിയും മൈക്രോ കണ്‍ട്രോളറും കത്തിക്കുന്ന പ്രക്രിയയെക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിക്ക് നല്‍കണം

Published

|

Last Updated

ന്യൂഡല്‍ഹി | തിരഞ്ഞടുപ്പിനു ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വിവരങ്ങള്‍ നശിപ്പിക്കരുതെന്ന് സുപ്രീം കോടതി. ഹരിയാനയിലെ അസ്സോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസും കോണ്‍ഗ്രസ്സ് നേതാക്കളും സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷവും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ നടപടിക്രമം എന്താണെന്ന് ആരാഞ്ഞ സുപ്രീം കോടതി, താത്കാലികമായി ഇ വി എമ്മില്‍ നിന്ന് ഒരു വിവരവും ഇല്ലാതാക്കുകയോ പുതുതായി കൂട്ടിച്ചേര്‍ക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഈ ഉത്തരവിട്ടത്.

ശരിയായ വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള നയം രൂപവത്കരിക്കാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിനു ശേഷം ഇ വി എം മെമ്മറിയും മൈക്രോ കണ്‍ട്രോളറും കത്തിക്കുന്ന പ്രക്രിയയെക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിക്ക് നല്‍കണമെന്നും ബഞ്ച് നിര്‍ദേശിച്ചു. തോറ്റ സ്ഥാനാര്‍ഥിക്ക് വോട്ടിങില്‍ തിരിമറി നടന്നിട്ടുണ്ടോയെന്നതില്‍ വ്യക്തത വേണമെന്നുണ്ടെങ്കില്‍ ഇ വി എം സാങ്കേതിക വിദഗ്ധന് അത് നല്‍കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

ഇ വി എമ്മില്‍ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ എന്‍ജിനീയര്‍മാര്‍ ഡമ്മി ചിഹ്നങ്ങളും രേഖകളും ലോഡ് ചെയ്തുവെന്നും ഒറിജിനല്‍ രേഖകള്‍ ഒഴിവാക്കിയെന്നും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ ആരോപിച്ചിരുന്നു. ഹരജിയില്‍ അടുത്ത വാദം മാര്‍ച്ച് 17നു കേള്‍ക്കും.

 

 

Latest