National
ലഖിംപൂര്‍ കേസിന്റെ വിചാരണ പൂർത്തിയാകാൻ അഞ്ച് വർഷം എടുത്തേക്കാമെന്ന് സുപ്രീം കോടതി
വിചാരണ കോടതിയില്‍ സമർപ്പിച്ച കേസിന്റെ സ്റ്റാറ്റസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിരീക്ഷണം.
ന്യൂഡല്‍ഹി | കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര എസ് യു വി കയറ്റി കർഷകരെയും മാധ്യമപ്രവർത്തകരെയും കൊലപ്പെടുത്തിയ ലഖിംപൂര്‍ കേസിന്റ വിചാരണ പൂർത്തിയാകാൻ അഞ്ച് അഞ്ച് വര്‍ഷമെങ്കിലും എടുക്കുമെന്ന് സുപ്രീംകോടതി. വിചാരണ കോടതിയില്‍ സമർപ്പിച്ച കേസിന്റെ സ്റ്റാറ്റസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിരീക്ഷണം.
കേസില്‍ 200 സാക്ഷികളും 171 രേഖകളും 27 ഫോറന്‍സിക്ക് ഫലങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും ഇത് പൂർത്തിയാക്കാൻ അഞ്ചു വര്‍ഷമെങ്കിലും എടുക്കുമെന്നും സ്റ്റാറ്റസ് റിപ്പോർട്ടിൽ പറയുന്നതായി കോടതി വ്യക്തമാക്കി. ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങൾ പരാമർശിച്ചത്.
അതേസമയം, സാക്ഷികളെ വിസ്തരിക്കുന്നത് വൈകിപ്പിക്കരുതെന്ന് കര്‍ഷകര്‍ക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ കോടതിയോട് ആവിശ്യപ്പെട്ടു. സാക്ഷികള്‍ ആക്രമിക്കപ്പടുന്നുണ്ടെന്നും മന്ത്രിപുത്രനാണ് പ്രതിയെന്നത് പരിഗണിക്കണമെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞു. എന്നാല്‍ ഇതിനു പ്രായാഗിക തടസ്സം നേരിടുന്നുവെന്നായിരുന്നു കോടതിയുടെ മറുപടി.
ആശിഷ് മിശ്രയുടെ അഭിഭാഷകനായ മുകുള്‍ റോഹ്തഗി പ്രശാന്ത് ഭൂഷന്റെ വാദങ്ങളെ എതിര്‍ത്ത് രംഗത്തെത്തി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ജനുവരി 19 ലേക്ക് മാറ്റി. ആശിഷിന്റെ ജ്യാമാപേക്ഷ മുന്‍പ് അലഹബാദ് ഹൈകോടതി തള്ളിയിരിന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
കേന്ദ്രസര്‍ക്കാര്‍ നേരത്തെ പാസാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലഖിംപൂരിൽ സമരം ചെയ്ത കര്‍ഷകരുടെ ദേഹത്തേക്കാണ് ആശിഷ് മിശ്ര എസ് യു വി കാര്‍ ഇടിച്ചുകയറ്റിയത്. സംഭവത്തിൽ മൂന്ന് കർഷകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു. 2021 ഒക്ടോബറിലായിരുന്നു സംഭവം. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ആശിഷ് മിശ്രക്കും കൂട്ടു പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.