Connect with us

From the print

ഹിജാബ് വിലക്കിന് സുപ്രീം കോടതി സ്റ്റേ

കോളജ് അധികൃതര്‍ക്ക് രൂക്ഷ വിമര്‍ശം.

Published

|

Last Updated

ന്യൂഡല്‍ഹി | ക്യാമ്പസില്‍ പ്രവേശിക്കുന്നതിന് ഹിജാബ് ഉള്‍പ്പെടെയുള്ള മതവേഷങ്ങള്‍ ധരിക്കുന്നതിന് നിരോധമേര്‍പ്പെടുത്തിയ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹിജാബ്, തൊപ്പി എന്നിവ നിരോധിച്ചത് ചോദ്യം ചെയ്തുള്ള ഹരജിയില്‍ മുംബൈയിലെ കോളജിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. കോളജ് നടപടിയെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, പി വി സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബഞ്ച് അതിരൂക്ഷമായി വിമര്‍ശിച്ചു.

ഇതെന്തൊരു നിയമമാണെന്ന് മതം വെളിപ്പെടുത്താതിരിക്കാനാണ് ചട്ടം ഏര്‍പ്പെടുത്തിയതെന്ന കോളജിന്റെ ന്യായീകരണം പരാമര്‍ശിച്ച് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. വിദ്യാര്‍ഥികളുടെ പേരുകള്‍ മതം വെളിപ്പെടുത്തില്ലേ? തിരിച്ചറിയാന്‍ നിങ്ങള്‍ ഇനി നമ്പറുകള്‍ വേണമെന്ന് ആവശ്യപ്പെടുമോയെന്നും ബഞ്ച് ചോദിച്ചു. വിദ്യാര്‍ഥികള്‍ ഒരുമിച്ച് പഠിക്കട്ടെയെന്നും ബഞ്ച് പറഞ്ഞു.

ഇത് സ്വകാര്യ സ്ഥാപനമാണെന്ന് കോളജിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക മാധവി ദിവാന്‍ പറഞ്ഞു. എത്ര കാലമായി കോളജ് പ്രവര്‍ത്തിക്കുന്നുവെന്ന് ബഞ്ച് ചോദിച്ചു. 2008 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മറുപടി ലഭിച്ചതോടെ ബഞ്ച് വിമര്‍ശം കടുപ്പിച്ചു. ഇത്രയും വര്‍ഷമായി നിങ്ങള്‍ക്ക് ഇത്തരമൊരു നിര്‍ദേശമില്ലായിരുന്നു. പെട്ടെന്ന് മതമുണ്ടെന്ന് മനസ്സിലാക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം നിര്‍ദേശങ്ങളുമായി നിങ്ങള്‍ വരുന്നത് നിര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. ഹിന്ദു വിദ്യാര്‍ഥികള്‍ ധരിക്കുന്ന നെറ്റിയിലെ തിലകം അനുവദിക്കില്ലെന്ന് നിങ്ങള്‍ പറയുമോയെന്നും കോടതി ചോദിച്ചു.

അതേസമയം, മുഖം മറക്കുന്ന നിഖാബ്, ബുര്‍ഖ ഉള്‍പ്പെടെയുള്ള ആശയവിനിമയത്തിന് തടസ്സമാകുന്ന വസ്ത്രങ്ങള്‍ ക്ലാസ്സ് മുറികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന കോളജിന്റെ നിര്‍ദേശം ബഞ്ച് അനുവദിച്ചു. നിഖാബിന്റെ ഉപയോഗം തടയുന്ന നിര്‍ദേശങ്ങളുടെ ഭാഗത്ത് ഇടപെടുന്നില്ലെന്ന് ബഞ്ച് പറഞ്ഞു. ഹിജാബ്, നിഖാബ്, ബുര്‍ഖ, തൊപ്പി തുടങ്ങിയ മതവേഷങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെ വിലക്കിയ എന്‍ ജി ആചാര്യ ആന്‍ഡ് ഡി കെ മറാത്തെ കോളജ് അധികൃതരുടെ ഡ്രസ്സ് കോഡ് ചോദ്യം ചെയ്ത് ഒമ്പത് മുസ്ലിം വിദ്യാര്‍ഥിനികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോളജ് അധികൃതരുടെ തീരുമാനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് ജൂണ്‍ 26ന് ബോംബെ ഹൈക്കോടതി ഹരജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയെ സമീപിച്ചത്.