National
മദ്‌റസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം സ്റ്റേ ചെയ്ത് സുപ്രീം കോടതി
ഈ കത്തിനെ പിന്‍പറ്റി യു പി, ത്രിപുര സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി | മദ്‌റസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമീഷന്‍ നിര്‍ദേശം സ്റ്റേ ചെയ്ത് സുപ്രീംകോടതി ദേശീയ ബാലാവകാശ കമീഷന്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ തുടര്‍നടപടി സ്വീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഈ കത്തിനെ പിന്‍പറ്റി യു പി, ത്രിപുര സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു.യുപി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തല്‍ ഉലമ ഹിന്ദാണ് സുപ്രീം കോടതിയെ സമീപിച്ചത്.വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു.ഈ വർഷം ജൂൺ 7 നും ജൂൺ 25 നും പുറപ്പെടുവിച്ച എൻസിപിസിആറിൻ്റെ ഉത്തരവുകളിൽ നടപടിയെടുക്കരുതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
മദ്‌റസകളിലെ അധ്യയനരീതി വിദ്യാര്‍ഥികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമീഷന്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നത്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഇളവുകള്‍ മതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പൊതുവിദ്യാഭ്യാസം നിഷേധിക്കുന്ന സാഹചര്യമുണ്ടാക്കിയെന്ന് ഉത്തരവില്‍ പറയുന്നു. മദ്‌റസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാകുന്നില്ലെന്നും കത്തില്‍ പറയുന്നു. മദ്‌റസകള്‍ക്കും മദ്‌റസ ബോര്‍ഡുകള്‍ക്കും നല്‍കുന്ന സഹായം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കണം. മദ്‌റസ ബോര്‍ഡുകള്‍ അടച്ചുപൂട്ടണം. മദ്‌റസകളില്‍ മുസ്‌ലിം ഇതര വിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കില്‍ അവരെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റണം.മദ്‌റസകളില്‍ പഠിക്കുന്ന മുസ്‌ലിം കുട്ടികള്‍ക്ക് പൊതു വിദ്യാഭ്യാസവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നതടക്കം നിര്‍ദേശങ്ങളും കത്തിലുണ്ട്