Connect with us

National

പ്രതിക്ക് ജാമ്യം നിഷേധിക്കാൻ അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്ന അന്വേഷണ ഏജൻസികളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

അന്വേഷണ ഏജൻസികൾക്ക് ഒരു പ്രതിയെ അറസ്റ്റ് ചെയ്യാനും അതിന് ശേഷം അന്വേഷണം പൂർത്തിയാകുന്നതുവരെ വിചാരണ ആരംഭിക്കില്ലെന്ന് പറയാനും കഴിയില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡൽഹി | ഒരു പ്രതിക്ക് ജാമ്യം നിഷേധിക്കുന്നതിനും അനിശ്ചിതകാലത്തേക്ക് ജയിലിൽ അടയ്ക്കുന്നതിനുമായി അനുബന്ധ കുറ്റപത്രം സമർപ്പിച്ച് കേസ് നീട്ടുന്ന പ്രവണതയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. എൻഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് നടപടിയെ ആണ് കോടതി വിമർശിച്ചത്. വിചാരണ കൂടാതെ പ്രതികളെ ഫലപ്രദമായി ജയിലിൽ അടയ്ക്കുന്ന ഈ സമ്പ്രദായം സുപ്രീം കോടതിയെ വിഷമിപ്പിക്കുന്നുവെന്നും ജസ്‌റ്റിസ് സഞ്ജീവ് ഖന്നയും ജസ്‌റ്റിസ് ദീപങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.

അന്വേഷണം പൂർത്തിയാകുന്നതുവരെ നിങ്ങൾ (പ്രതിയെ) അറസ്റ്റ് ചെയ്യരുത് എന്നതാണ് സ്ഥിര ജാമ്യത്തിന്റെ ആത്യന്തിക ലക്ഷ്യം. നിങ്ങൾക്ക് ഒരു പ്രതിയെ അറസ്റ്റ് ചെയ്യാനും അതിന് ശേഷം അന്വേഷണം പൂർത്തിയാകുന്നതുവരെ വിചാരണ ആരംഭിക്കില്ലെന്ന് പറയാനും കഴിയില്ല. അനുബന്ധ കുറ്റപത്രങ്ങൾ സമർപ്പിച്ച് ആ വ്യക്തി വിചാരണ കൂടാതെ ജയിലിലടയ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്നും ജസ്റ്റിസ് ഖന്ന ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിനോട് പറഞ്ഞു.

ഈ കേസിൽ, പ്രതി 18 മാസമായി ജയിലിൽ കിടക്കുന്നു. ഇത് ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചില കേസുകളിൽ ഞങ്ങൾ അത് ഏറ്റെടുക്കുകയും അക്കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുക്കുകയും ചെയ്യും. നിങ്ങൾ ഒരു പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ വിചാരണ ആരംഭിക്കണമെന്നും കോടതി വ്യക്തമാക്കി.

ജാർഖണ്ഡിൽ നിന്നുള്ള അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ട പ്രതിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കഴിഞ്ഞ മാസം അറസ്റ്റ് ചെയ്ത മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ സഹായിയാണ് പ്രതിയായ പ്രേം പ്രകാശ്.

നിലവിലെ ക്രിമിനൽ നിയമങ്ങൾ പ്രകാരം, നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ, അന്വേഷണം പൂർത്തിയാക്കാനോ അന്തിമ കുറ്റപത്രം സമർപ്പിക്കാനോ അധികാരികൾക്ക് കഴിയുന്നില്ലെങ്കിൽ, അറസ്റ്റിലായ വ്യക്തിക്ക് സ്ഥിര ജാമ്യത്തിന് അർഹതയുണ്ട്. സാഹചര്യങ്ങളെ ആശ്രയിച്ച് ഈ കാലയളവ് 60 അല്ലെങ്കിൽ 90 ദിവസമാണ്.

കഴിഞ്ഞ വർഷം ഏപ്രിലിൽ കോടതി സമാനമായ നിരീക്ഷണം നടത്തിയിരുന്നു. അന്വേഷണം പൂർത്തിയാക്കാതെ, അറസ്റ്റിലായ പ്രതിക്ക് സ്ഥിരജാമ്യം ലഭിക്കുന്നത് തടയാൻ വേണ്ടി ഒരു അന്വേഷണ ഏജൻസിക്ക് കുറ്റപത്രം സമർപ്പിക്കാൻ കഴിയില്ലെന്നാണ് ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് അന്ന് നിരീക്ഷിച്ചത്.

---- facebook comment plugin here -----

Latest