National
കര്‍ഷകരുമായി അനുരഞ്ജനം പാടില്ലെന്നാണ് പഞ്ചാബ് സര്‍ക്കാരിന്റെ നിലപാട്; രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി
വിഷയത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ കോടതി ഇടപെടുമെന്നും സുപ്രീംകോടതി അറിയിച്ചു.
ന്യൂഡല്‍ഹി| വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരാഹാര സമരം നടത്തുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ധല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന നിര്‍ദേശം നടപ്പാക്കാത്ത പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. കര്‍ഷകരുമായി അനുരഞ്ജനം പാടില്ലെന്ന നിലപാടാണ് പഞ്ചാബ് സര്‍ക്കാരിന്റേതെന്ന് കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ കോടതി ഇടപെടുമെന്നും സുപ്രീംകോടതി അറിയിച്ചു.
ധല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്നത് കൊണ്ട് അദ്ദേഹം നിരാഹാരം ഉപേക്ഷിക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ല. വൈദ്യസഹായം ലഭിക്കുമ്പോള്‍ തന്നെ ധല്ലേവാളിന് നിരാഹാര സമരം തുടരാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.
അതേസമയം ധല്ലേവാളിനോട് വൈദ്യസഹായം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് പഞ്ചാബ് അഡ്വക്കേറ്റ് ജനറല്‍ ഗുര്‍മീന്ദര്‍ സിങ് സുപ്രീംകോടതിയെ അറിയിച്ചു.