National
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം; ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്തിയ പാനല്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചതിലൂടെ സര്‍ക്കാര്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണു ചെയ്തതെന്ന് ഹരജിയില്‍ പറയുന്നു

ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. 41-ാമത്തെ ഇനമായാണു ഹരജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
കേസ് ആദ്യം പരിഗണിക്കണമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനോട് ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് അതു നിരസിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചതിനു പിന്നാലെയാണ് ഹരജിയില്‍ സുപ്രീംകോടതി വീണ്ടും വാദം കേള്‍ക്കുന്നത്.
നേരത്തേ ഈ മാസം 12ന് കേസ് പരിഗണിക്കുമെന്നു വ്യക്തമാക്കിയിരുന്നെങ്കിലും അന്ന് കേസ് ലിസ്റ്റ് ചെയ്തിരുന്നില്ല. തുടര്‍ന്ന് 19 ലേക്ക് കേസ് മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട പാനലിനെ നിയോഗിക്കണമെന്നായിരുന്നു 2023 ലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്.
എന്നാല്‍ ഈ ഉത്തരവ് നിലനില്‍ക്കെ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്തിയ പാനല്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചതിലൂടെ സര്‍ക്കാര്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണു ചെയ്തതെന്ന് ഹരജിയില്‍ പറയുന്നു