From the print
മസ്ജിദിൽ കയറി ജയ് ശ്രീറാം വിളി; ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും
ഹരജി ഹൈക്കോടതി വിധിക്കെതിരെ
ന്യൂഡൽഹി | മസ്ജിദിൽ അതിക്രമിച്ചു കയറി “ജയ് ശ്രീറാം’ വിളിച്ചത് മതവികാരം വ്രണപ്പെടുത്തുന്നതല്ലെന്ന കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. മസ്ജിദിൽ അതിക്രമിച്ചു കയറി ജയ് ശ്രീറാം വിളിച്ച രണ്ട് പ്രതികൾക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കിയ കർണാടക ഹൈക്കോടതിയുടെ സെപ്തംബർ 13ലെ വിധിക്കെതിരായ ഹരജിയാണ് ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ച് പരിഗണിക്കുക.
ഐത്തൂർ വില്ലേജിലെ മർദാലയിലുള്ള ബദ്‌രിയ്യ ജുമുഅ മസ്ജിദിലാണ് രണ്ട് പേർ അതിക്രമിച്ച് പ്രവേശിക്കുകയും ജയ് ശ്രീറാം വിളിക്കുകയും ചെയ്തത്. മുസ്‌ലിംകളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അന്വേഷണം പൂർത്തിയാകും മുമ്പാണ് ഹൈക്കോടതി ഇടപെട്ട് ക്രിമിനൽ കേസ് റദ്ദാക്കിയതെന്ന് ഹരജിക്കാർ സുുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ആരെങ്കിലും “ജയ് ശ്രീറാം’ എന്ന് വിളിച്ചാൽ അത് ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം എങ്ങനെ വ്രണപ്പെടുത്തുമെന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം.