National
യുപി മദ്‌റസ വിദ്യാഭ്യാസ നിയമം സുപ്രീംകോടതി ശരിവച്ചു
ചിഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
ന്യൂഡല്‍ഹി| 2004 ലെ ഉത്തര്‍പ്രദേശ് മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം സുപ്രീംകോടതി ശരിവെച്ചു. യുപി മദ്‌റസ വിദ്യാഭ്യാസ നിയമം റദ്ദാക്കി കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി നിയമം ശരിവച്ചത്. ചിഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
മദ്‌റസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും പ്രവര്‍ത്തനം തുടരാമെന്നും കോടതി അറിയിച്ചു. ഏതെങ്കിലും നിയമ നിര്‍മാണത്തില്‍ മതപരമായ കാരണങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാകില്ലെന്ന് യു.പി മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ചുകൊണ്ട് സുപ്രീം കോടതി വിധിച്ചു.
മദ്‌റസാ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റണമെന്ന് യു പി സര്‍ക്കാറിനോട് മാര്‍ച്ച് 22ന് പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് മദ്‌റസകളുമായി ബന്ധപ്പെട്ട വിവിധ വ്യക്തികളും സംഘടനകളുമാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. ഹൈക്കോടതി വിധി നടപ്പാക്കുന്നത് ഏപ്രില്‍ അഞ്ചിന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.