Editorial
ബാലാവകാശ കമ്മീഷനെതിരെ സുപ്രീം കോടതി
രാജ്യം അങ്ങേയറ്റം മതേതരമായിരിക്കണമെന്ന് പരമോന്നത നീതിപീഠം അടിക്കടി ഉന്നയിക്കുമ്പോഴാണ് ബാലാവകാശ കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനം ഫാസിസ്റ്റ് ഭരണകൂടത്തിന് വിധേയപ്പെട്ട് ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന മദ്റസകളെ തകര്‍ക്കാന്‍ രംഗത്തു വരുന്നത്.
മദ്റസകള്‍ക്കെതിരായ നീക്കത്തില്‍ ബാലാവകാശ കമ്മീഷന്റെ പക്ഷപാതിത്വവും ഇരട്ടത്താപ്പും തുറന്നു കാട്ടുന്നതാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉന്നയിച്ച ചില ചോദ്യങ്ങള്‍. മദ്റസകളില്‍ കുട്ടികളെ അയക്കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുന്ന കമ്മീഷന് സന്യാസി മഠങ്ങളിലെയും ഇതര മതസ്ഥാപനങ്ങളിലെയും കുട്ടികളുടെ കാര്യത്തില്‍ എന്തേ ആശങ്കയില്ലാത്തതെന്നായിരുന്നു കോടതിയുടെ ഒരു ചോദ്യം. മദ്റസാ ബോര്‍ഡില്‍ മതപണ്ഡിതര്‍ മാത്രം അംഗങ്ങളായതിനാല്‍ അവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു ലോകകാഴ്ചപ്പാട് മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് വാദിച്ച ബാലാവകാശ കമ്മീഷന്റെ അഭിഭാഷകനോട്, എങ്കില്‍ മറ്റു വിഭാഗങ്ങളുടെ മതസ്ഥാപനങ്ങളിലെ കുട്ടികള്‍ക്കോ എന്ന കോടതിയുടെ ചോദ്യവും കുറിക്കു കൊള്ളുന്നതായിരുന്നു. ഉത്തര്‍ പ്രദേശ് മദ്റസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജികളില്‍ വാദം കേള്‍ക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനും ജെ പി പര്‍ദിവാല, മനോജ്മിശ്ര എന്നിവര്‍ അംഗങ്ങളുമായ ബഞ്ചിന്റെ വിമര്‍ശം. മദ്റസ മാറാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ അംഗീകൃത എയ്ഡഡ് മദ്റസകളിലും അംഗീകാരമില്ലാത്ത മദ്റസകളിലും പഠിക്കുന്ന വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റാനുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെ തീരുമാനത്തോട് പ്രതികരിക്കവെയാണ് കോടതി ഇത് വ്യക്തമാക്കിയത്.
കേസില്‍ മദ്റസാ ബോര്‍ഡിനു വേണ്ടി ഹാജരായ അഡ്വ. ശംശാദ് അഭിപ്രായപ്പെട്ടതു പോലെ കടുത്ത മുസ്ലിം വിരോധവും ഇസ്ലാമോഫോബിയയുമാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ മദ്റസകള്‍ക്കെതിരായ നീക്കത്തിനു പിന്നില്‍. മദ്റസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നാരോപിച്ചാണ് മദ്റസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം. എന്നാല്‍ എന്താണ് അവകാശലംഘനമെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നില്ല. മതപണ്ഡിതന്മാരുടെയോ മദ്റസ വിദ്യാഭ്യാസ ബോര്‍ഡിന്റെയോ നിര്‍ബന്ധത്തെ തുടര്‍ന്നല്ല കുട്ടികളെ രക്ഷിതാക്കള്‍ മദ്റസകളിലേക്കും ഇസ്ലാമിക കലാലയങ്ങളിലേക്കും അയക്കുന്നത്. മറിച്ച് ഉത്തമ സ്വഭാവമുള്ളവരും ധാര്‍മിക ബോധമുള്ളവരുമായി കുട്ടികള്‍ വളരണമെന്ന താത്പര്യം മൂലമാണ്. ഇതിലെവിടെയാണ് ബാലാവകാശ നിഷേധം. സര്‍ക്കാര്‍ അംഗീകാരവും ധനസഹായവുമുള്ള സ്ഥാപനങ്ങളില്‍, അത് സ്ഥാപിച്ച വിഭാഗങ്ങള്‍ക്ക് മതവിദ്യാഭ്യാസം നേടാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി കോടതിയില്‍ വ്യക്തമാക്കിയതുമാണ്. ഭരണഘടനയുടെ 28(3) അനുഛേദമാണ് കുട്ടികള്‍ക്ക് സ്വയം സന്നദ്ധരായി മതവിദ്യാഭ്യാസം നേടാനുള്ള അനുവാദം നല്‍കുന്നത്.
മദ്റസാ ബോര്‍ഡുകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കണമെന്നാണ് ബാലാവകാശ കമ്മീഷന്റെ പ്രധാന നിര്‍ദേശം. എന്നാല്‍ ഇസ്ലാമിക മതപാഠശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് 2004ല്‍ മദ്റസകള്‍ക്ക് അംഗീകാരവും ധനസഹായവും നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ടതും മതപരമായ വിഷയങ്ങള്‍ക്കു പുറമെ സയന്‍സ്, ഗണിതം തുടങ്ങി ഭൗതിക വിഷയങ്ങള്‍ മദ്റസകളിലും മക്തബകളിലും പഠിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയതും. സ്‌കൂളുകളും ഭൗതിക പഠന സ്ഥാപനങ്ങളും പരിമിതമായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലും പിന്നാക്ക പ്രദേശങ്ങളിലും ഇത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ഇതര മതവിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ഗുണഫലമുണ്ടാക്കുകയും ചെയ്തു. ഈ വസ്തുതക്ക് നേരെ കണ്ണടച്ചാണ് ധനസഹായം നിര്‍ത്തലാക്കുന്നതിനുള്ള കമ്മീഷന്റെ ഉത്തരവ്.
മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന തത്ത്വമായി അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. ഇക്കാര്യം അടുത്ത ദിവസവും ഊന്നിപ്പറയുകയുണ്ടായി സുപ്രീം കോടതി. ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വവും സോഷ്യലിസവും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാവ് സുബ്രഹ്മണ്യ സ്വാമി സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് മതേതരത്വത്തിന്റെ പ്രാധാന്യവും അനിവാര്യതയും ചൂണ്ടിക്കാട്ടിയതും മതേതര രാജ്യമാണ് ഇന്ത്യയെന്ന നിലപാട് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചതും. ഭേദഗതി വരുത്താനാകാത്ത വിധം പ്രാധാന്യമുണ്ട് ഭരണഘടനയില്‍ മതേതരത്വമെന്ന അടിസ്ഥാന ഘടകത്തിനെന്നും ഇക്കാര്യം സുപ്രീം കോടതി മുമ്പ് പല വിധിപ്രസ്താവങ്ങളിലും ഊന്നിപ്പറഞ്ഞതാണെന്നും ഓര്‍മിപ്പിച്ച ബഞ്ച് അത്തരം വിധിന്യായങ്ങള്‍ പരിശോധിക്കാന്‍ ഹരജിക്കാരോടാവശ്യപ്പെടുകയും ചെയ്തു.
രാജ്യം അങ്ങേയറ്റം മതേതരമായിരിക്കണമെന്ന് പരമോന്നത നീതിപീഠം അടിക്കടി ഉന്നയിക്കുമ്പോഴാണ് ബാലാവകാശ കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനം തീര്‍ത്തും ഫാസിസ്റ്റ് ഭരണകൂടത്തിന് വിധേയപ്പെട്ട് ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന മദ്റസകളെ തകര്‍ക്കാന്‍ രംഗത്തു വരുന്നത്. അതേസമയം, കോടതി സൂചിപ്പിച്ച പോലെ മറ്റു മതകേന്ദ്രങ്ങളില്‍ നടക്കുന്ന ബാലാവകാശ നിഷേധങ്ങളെയും ബാലപീഡനങ്ങളെയും കമ്മീഷന്‍ കാണാതെ പോകുന്നു. രാജ്യത്തെ പല സന്യാസി മഠങ്ങളിലും ക്രിസ്തീയ ചര്‍ച്ചുകളിലും ബാലപീഡനങ്ങളും ലൈംഗിക ചൂഷണങ്ങളും വ്യാപകമാണ്. ബിഹാറിലെ ബോധ്ഗയയില്‍ ബുദ്ധ ധ്യാന കേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ഏഴ് മുതല്‍ 12 വരെ വയസ്സുള്ള പതിനഞ്ചോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഒരു ബുദ്ധസന്യാസി ഈയിടെ അറസ്റ്റിലായത്. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ മഠത്തില്‍ പഠിക്കുന്ന കുട്ടികളെ പീഡിപ്പിച്ച കേസില്‍ മഠാധിപതി ശിവമൂര്‍ത്തി മുരുക ശരണാരു ജയിലിലാണ്. ഇത്തരം എത്രയെത്ര സംഭവങ്ങള്‍. മഠങ്ങളുമായി ബന്ധപ്പെട്ട പഠന കേന്ദ്രങ്ങളിലേക്ക് കുട്ടികളെ അയക്കരുതെന്ന് കമ്മീഷന്‍ ഉത്തരവിറക്കുമോ?