National
അദാനി - ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സുപ്രീംകോടതി വിധി ഇന്ന്
വിധി കേന്ദ്രത്തിനും അദാനി ഗ്രൂപ്പിനും നിര്‍ണായകമാണ്.
ന്യൂഡല്‍ഹി| അദാനി ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രാവിലെ 10.30ന് വിധി പ്രസ്താവിക്കും. വിധി കേന്ദ്രത്തിനും അദാനി ഗ്രൂപ്പിനും നിര്‍ണായകമാണ്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്ന ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന ആവശ്യങ്ങളടക്കം ഉന്നയിച്ചാണ് ഹരജി നല്‍കിയിരിക്കുന്നത്.
അദാനിക്കെതിരായ ഹരജികളുടെ അടിസ്ഥാനത്തില്‍ സംഭവം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെബിയോടും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സെബി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹരജിയും സുപ്രീംകോടതിക്ക് മുന്നില്‍ എത്തിയിരുന്നു. ഓഹരി വിപണിയിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയെയും കോടതി നിയോഗിച്ചിരുന്നു. എന്നാല്‍ കേസില്‍ അന്തിമവാദം കേള്‍ക്കുന്നതിനിടെ അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സെബിയുടെയും വിദഗ്ധസമിതിയുടെയും അന്വേഷണങ്ങളെ സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.