Connect with us

articles

മതേതരത്വത്തെ ഉയർത്തിപ്പിടിക്കുന്ന സുപ്രീം കോടതി വിധി

ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നീ സംജ്ഞകൾ നിലനിൽക്കണമെന്ന് സുപ്രീം കോടതി വിധിച്ചിരിക്കുകയാണ്. ഈ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് ചോദ്യംചെയ്തുള്ള ഹരജികൾ തള്ളിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബഞ്ചിന്റെ സുപ്രധാന വിധി. 1976ൽ ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതിവരുത്തി സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ചേർത്തതിനെയാണ് ഹരജിക്കാർ ചോദ്യം ചെയ്തത്.

Published

|

Last Updated

1976ലെ 42ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സോഷ്യലിസം ഒരു അടിസ്ഥാന തത്വമായി ഭരണഘടനയുടെ ആമുഖത്തിൽ സ്ഥാനംപിടിച്ചത്. എങ്കിലും സോഷ്യലിസ്റ്റ് ആശയങ്ങൾ ഭരണഘടനയുടെ നാലാം അധ്യായമായ നിർദേശകതത്വങ്ങളിൽ പ്രകടമായി തന്നെ കാണാമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1954ൽ പാർലിമെന്റ്സോഷ്യലിസ്റ്റ് സാമൂഹികക്രമമെന്ന ആശയം ഒരു പ്രത്യേക പ്രമേയം വഴി അംഗീകരിച്ചത്. 42ാം ഭരണഘടനാ ഭേദഗതിയോടൂകൂടി സോഷ്യലിസം എന്ന അടിസ്ഥാന തത്വം പ്രത്യക്ഷമായി തന്നെ സ്ഥാനം പിടിച്ചു. ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ് ഇന്ത്യയുടെ ലക്ഷ്യം. സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്നതിനോടൊപ്പം അടിസ്ഥാനപരമായ മാനവികാവകാശങ്ങൾ പരിരക്ഷിക്കുകയുമാണ് നമ്മുടെ ഭരണഘടനയുടെ അന്തസ്സത്ത. ഈ ലക്ഷ്യത്തോടെയാണ് ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ് എന്ന പദം കൂട്ടിച്ചേർത്തത്.

ഒരു മതേതര രാഷ്ട്രം സ്ഥാപിക്കാനാണ് ഭരണഘടന ആരംഭത്തിൽ തന്നെ ലക്ഷ്യമിട്ടിരുന്നത്. മതത്തിന്റേയോ ജാതിയുടേയോ വർഗത്തിന്റേയോ പേരിൽ രാഷ്ട്രം യാതൊരുവിധ വിവേചനവും കാണിക്കുകയില്ലെന്നും ഏത് മതവിശ്വാസിക്കും തുല്യപരിഗണന ലഭിക്കുമെന്നുമാണത്. ഒരു മതവും രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായി മുദ്രകുത്തപ്പെടുകയോ, ആ നിലയിലുളള സംരകക്ഷണമോ പദവിയോ അർഹിക്കുന്നതായി പരിഗണിക്കപ്പെടുകയോ ചെയ്യുന്നതല്ല. ഒരു മതത്തിൽ വിശ്വസിക്കുകയും അതിന്റെ തത്വങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതിന്റെ പേരിൽ യാതൊരു പൗരനോടും രാഷ്ട്രം ഒരുവിവേചനവും കാണിക്കുന്നതല്ല. അതിന്റെ പേരിൽ ആർക്കും ആനൂകൂല്യമോ പദവിയോ ലഭിക്കുന്നതുമല്ല. ചുരുക്കത്തിൽ പൗരന്മാരുടെ മതപരമായ വീക്ഷണമോ വിശ്വാസമോ രാഷ്ട്രവുമായോ അതിന്റെ ഏജൻസികളുമായോ ഉള്ള ബന്ധത്തിൽ അനുകൂലമായോ പ്രതികൂലമായോ ഒരിക്കലും കണക്കിലെടുക്കുന്നതല്ല. ഭരണഘടനയിലെ മതേതരത്വം ഇതാണ് പ്രഖ്യാപിക്കുന്നത്.

ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നീ സംജ്ഞകൾ നിലനിൽക്കണമെന്ന് സുപ്രീം കോടതി വിധിച്ചിരിക്കുകയാണ്. ഈ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് ചോദ്യംചെയ്തുള്ള ഹരജികൾ തള്ളിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബഞ്ചിന്റെ സുപ്രധാന വിധി.
ഇന്ത്യയുടെ സോഷ്യലിസം എന്നത് മറ്റു രാജ്യങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യലിസം പ്രാഥമികമായി ക്ഷേമരാഷ്ട്രത്തെയാണ് അർഥമാക്കുന്നത്.

രാജ്യത്തെ സോഷ്യലിസം സ്വകര്യമേഖലയെ ഒരിക്കലും തടഞ്ഞിട്ടില്ല. നമുക്ക് എല്ലാവർക്കും സോഷ്യലിസത്തിന്റെ പ്രയോജനം ലഭിച്ചെന്നും ബഞ്ച് പറഞ്ഞു. ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള പാർലിമെന്റിന്റെ അധികാരം ആമുഖത്തിനും ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സോഷ്യലിസം അർഥമാക്കുന്നത് സമത്വവും രാജ്യത്തിന്റെ സമ്പത്ത് തുല്യമായി വിതരണം ചെയ്യണമെന്നതുമാണ്. പാശ്ചാത്യ രാജ്യങ്ങൾ സോഷ്യലിസത്തിന് നൽകുന്ന അർഥം നമ്മൾ എടുക്കേണ്ടതില്ലെന്നും ഹരജിക്കാർക്ക് മറുപടിയായി ജസ്റ്റിസ് ഖന്ന നേരത്തേ വ്യക്തമാക്കിയിരുന്നു.

മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് എസ് ആർ ബൊമ്മെ കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുളളതാണ്. 1976ൽ നടന്ന ഭേദഗതിയിൽ ഇപ്പോൾ പ്രശ്‌നമുന്നയിക്കുന്നത് എന്തിനാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. മതേതരത്വം എക്കാലത്തും ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് നേരത്തേ കേസ് പരിഗണിച്ച വേളയിലും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിൽ വേർതിരിച്ചു മാറ്റാനാകാത്തവിധം ഇഴചേർക്കപ്പെട്ടതാണ് മതനിരപേക്ഷത. അവസര സമത്വവും ക്ഷേമവും ഉറപ്പാക്കാനുളള പ്രതിബദ്ധതയാണ് സോഷ്യലിസ്റ്റ് എന്ന വാക്കിലുള്ളത്. വലതോ ഇടതോ ആയ ഏതെങ്കിലും സാമ്പത്തിക നയമോ, രീതിയോ ഭരണഘടനയും അതിന്റെ ആമുഖവും അടിച്ചേൽപ്പിക്കുന്നില്ല. സമത്വം, സാഹോദര്യം, അന്തസ്സ്, അഭിപ്രായ സ്വാതന്ത്ര്യം സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ നീതി, മതവിശ്വാസ സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ മതനിരപേക്ഷ ധാർമികതയുടെ ഭാഗം തന്നെയാണ്. ഈ നിരീക്ഷണത്തെ ശരിവെക്കുന്ന ഭരണഘടനാ വകുപ്പുകളും വിധിന്യായങ്ങളും നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജികൾ കോടതിയുടെ വിശദപരിശോധന അർഹിക്കുന്നില്ലെന്നും വിശദമായ വിധിന്യായം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി തള്ളിയത്.

സെക്കുലർ എന്ന പദത്തെ മതത്തിനെതിരെന്ന രീതിയിലാണ് ഭരണഘടനാ നിർമാണ സഭയിൽ ചിലർ വിലയിരുത്തിയതെന്നും കോടതി പറഞ്ഞു. എന്നാൽ രാജ്യം വികസിച്ചതിനനുസരിച്ച് ഈ വ്യാഖ്യാനത്തിനും മാറ്റം വന്നു. ഭരണകൂടം ഒരു മതത്തെയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന വ്യാഖ്യാനമായി അത് രൂപംപ്രാപിച്ചു. സോഷ്യലിസ്റ്റ് എന്ന വാക്ക് സർക്കാറിന്റെ സാമ്പത്തിക നയങ്ങളെ തടസ്സപ്പെടുത്തുമെന്ന വാദം ഇന്ത്യൻ സാഹചര്യത്തിൽ ചേരില്ല. ഏതെങ്കിലും പ്രത്യേക സാമ്പത്തിക നയം പിന്തുടരണമെന്ന് ഭരണഘടന നിഷ്‌കർഷിക്കുന്നില്ല. സോഷ്യലിസം എന്നത് ക്ഷേമരാഷ്ട്രവും, അവസര സമത്വവും എന്നാണ് പൊതുവെ അർഥമാക്കുന്നത്. സോഷ്യലിസത്തെ സാമ്പത്തിക നയം മാത്രമായി ചുരുക്കി വ്യാഖ്യാനിക്കാനാകില്ലെന്നും അവസര സമത്വതമുളള ക്ഷേമരാഷ്ട്രത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നതെന്നും കോടതി എടുത്തുപറയുകയും ചെയ്തു. സാമ്പത്തികവും സാമൂഹികവുമായ ഉന്നമനമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സ്വകാര്യ സംരംഭങ്ങളെ ഇതു തടയുന്നില്ലെന്നും സുപ്രീം കോടതി വിധിയിൽ വ്യക്തമാ
ക്കുന്നു.

ബി ജെ പി നേതാക്കളായ സുബ്രഹ്മണ്യൻ സ്വാമി, അശ്വിനി കുമാർ ഉപാധ്യായ, ഗ്യാൻവാപി ശാഹി മസ്ജിദ് കേസുകളിലെ പരാതിക്കാരനായ വിഷ്ണുശങ്കർ ജെയിൻ ഉൾപ്പെടെയുള്ളവരാണ് ഹരജിക്കാർ. 1976ൽ ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതിവരുത്തി സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ചേർത്തതിനെയാണ് ചോദ്യം ചെയ്തത്. സുബ്രഹ്മണ്യൻ സ്വാമിയുടെ ഹരജിയെ എതിർത്ത് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേസിൽ കക്ഷി ചേർന്നിരുന്നു.

സോഷ്യലിസം ഭരണഘടനയിൽ ഉൾപ്പെടുത്തുന്നത് വ്യക്തി സ്വാതന്ത്ര്യം കുറക്കലാകുമെന്ന് പറഞ്ഞ് ഡോ. ബി ആർ അബേദ്കർ എതിർത്തിരുന്നുവെന്ന് അഡ്വ. വിഷ്ണു ശങ്കർ ജെയിൻ വാദിച്ചു. വാക്കുകൾ ഭരണഘടനയിൽ ചേർക്കുന്നതിനോട് എതിർപ്പില്ലെന്നും ആമുഖത്തിൽ ഉൾപ്പെടുത്തിയതാണ് ചോദ്യം ചെയ്യുന്നതെന്നും അശ്വിനി കുമാർ ഉപാധ്യായ വാദിച്ചു. ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യാനുളള ശ്രമം ബി ജെ പിയുടെ ഭാഗത്തു നിന്ന് നിരവധി തവണ ഉണ്ടായിട്ടുണ്ട്. സുപ്രീം കോടതിയിലെ ഹരജികളും ഇതിന്റെ ഭാഗമായിട്ടായിരുന്നു. വിഷയം വിശാല ബഞ്ചിന് വിടണമെന്ന ആവശ്യം നേരത്തേ സുപ്രീം കോടതി നിരസിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഖന്ന കഴിഞ്ഞ ദിവസം ഉത്തരവിറക്കാനിരിക്കെ ചില അഭിഭാഷകരുടെ ഭാഗത്ത് നിന്ന് തടസ്സങ്ങൾ ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് തിങ്കളാഴ്ച തന്നെ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് പ്രഖ്യാപിക്കുകയായിരുന്നു.

മതേതരത്വവും സോഷ്യലിസവും പൂർണാർഥത്തിൽ പ്രായോഗികമാക്കാൻ ഇന്ത്യൻ ഭരണകൂടങ്ങൾ നാളിതുവരെ ശ്രമിച്ചിട്ടില്ലെങ്കിലും ഭരണഘടനയിൽ ഇത് ഉൾപ്പെടുത്തിയിട്ടുള്ളത് രാജ്യത്തെ ജനകോടികൾക്ക് വലിയ പ്രതീക്ഷ പകർന്നുനൽകുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ സോഷ്യലിസവും സെക്കുലറിസവും നമ്മുടെ ഭരണഘടനയിൽ നിലനിർത്താനുള്ള പരമോന്നത കോടതിയുടെ സുപ്രധാനമായ തീരുമാനം എന്തുകൊണ്ടും ഐതിഹാസികമായ ഒന്നാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല.

---- facebook comment plugin here -----

Latest