Connect with us

Kerala

മഞ്ചേശ്വരം കോഴക്കേസില്‍ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; ഒരാഴ്ചക്കകം മൊബൈല്‍ ഫോണ്‍ ഹാജരാക്കണം

Published

|

Last Updated

കാസര്‍കോട് | മഞ്ചേശ്വരം കോഴക്കേസില്‍ മുഖ്യപ്രതിയായ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വീണ്ടും നോട്ടീസ് നല്‍കി ക്രൈംബ്രാഞ്ച്. ഒരാഴ്ചക്കകം മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സുരേന്ദ്രനെ നേരത്തെ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ പല മൊഴികളും കളവാണെന്ന് കണ്ടെത്തിയിരുന്നു.

ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിഥ്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സുരേന്ദ്രനെതിരായ കേസ്. കേസിലെ നിര്‍ണായക തെളിവുകളില്‍ ഒന്നായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍, സുരേന്ദ്രന്‍ ഈ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സുന്ദര അപേക്ഷ തയാറാക്കിയ കാസര്‍കോട്ടെ സ്വകാര്യ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്ന സുരേന്ദ്രന്റെ മൊഴിയും കളവാണെന്ന് സംഘം കണ്ടെത്തി. ഇക്കഴിഞ്ഞ 16 നാണ് കാസര്‍കോട് ക്രൈംബ്രാഞ്ച് സുരേന്ദ്രനെ ചോദ്യം ചെയ്തത്. ഡി വൈ എസ് പി. സതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.