Connect with us

Kerala

സുരേഷ് ഗോപിക്കെതിരെ മിണ്ടാതെ സുരേന്ദ്രന്‍; ആഞ്ഞടിച്ച് സാറാ ജോസഫ്

ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. അതിനാല്‍ അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കേണ്ടിവരും

Published

|

Last Updated

കോഴിക്കോട് | മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരികരിക്കാതെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാധ്യമ പ്രവര്‍ത്തകരും കുറച്ച് ശ്രദ്ധിക്കണം. ഇവിടെ സുരേഷ് ഗോപി വിഷയമല്ല ചര്‍ച്ചയാകേണ്ടത്.

സര്‍ക്കാരിനെതിരായ കാര്യങ്ങളാണ് ഒരുമിച്ചു നിന്ന് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ ജനങ്ങളോട് തുറന്നു പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രത്യേക അന്വേഷണസംഘമെന്നത് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമായി മാറുന്നു. മുകേഷിനെ നിലനിര്‍ത്തിക്കൊണ്ട് സിനിമാരംഗത്തെ അനാശാസ്യ പ്രവണതകള്‍ പരിഹരിക്കാന്‍ കഴിയുമെന്നത് തെറ്റാണ്. മുകേഷിനെ അറസ്റ്റ് ചെയ്തു നടപടിയെടുക്കണമെന്നും അയാളെ വച്ച് കോണ്‍ക്ലേവ് നടത്താനുള്ള തീരുമാനം ലജ്ജാകരമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന് ഹേമ കമ്മറ്റിറിപ്പോര്‍ട്ടിലെ ഗുരുതരമായ വിഷയങ്ങളില്‍ നടപടിയെടുക്കാന്‍ ആത്മാര്‍ത്ഥത ഇല്ല. സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവനങ്ങളില്‍ നിന്ന് അത് വളരെ വ്യക്തമാണ്.

കുറ്റം ചെയ്തവര്‍ രക്ഷപ്പെടില്ലെന്ന പതിവ് വര്‍ത്തമാനം മാത്രമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. നടപടിയില്‍ ഒരു ആത്മാര്‍ത്ഥതയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നടപടിയെ എഴുത്തുകാരി സാറാ ജോസഫ് വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജനങ്ങളെ ആക്രമിക്കുന്നതിന് തുല്യമാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജനപ്രതിനിധികള്‍ മാധ്യമ പ്രവര്‍ത്തകരെ തടയുന്നത് എന്തധികാരത്തിലാണ്? ജനാധിപത്യ സംവിധാനത്തില്‍ ജനപ്രതിനിധികള്‍ക്ക് തുല്യമായ പദവിയാണ് മാധ്യമങ്ങള്‍ക്കുള്ളത്. ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. അതിനാല്‍ അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കേണ്ടിവരും. അതൊരു നിരന്തരപ്രവര്‍ത്തനമാണ്. മാധ്യമങ്ങള്‍ നിങ്ങള്‍ക്കു പിന്നാലെയുണ്ട് എന്നതിനര്‍ഥം ജനങ്ങള്‍ നിങ്ങള്‍ക്ക് പിന്നാലെയുണ്ട് എന്നാണെന്ന് ജനപ്രതിനിധികള്‍ കരുതിയിരിക്കണം. അതിനാല്‍ മാധ്യമങ്ങള്‍ സ്തുതി പാടണമെന്ന് വിശ്വസിച്ചാല്‍ നടക്കില്ല. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജനങ്ങളെ ആക്രമിക്കുന്നതിന് തുല്യമാണ്. ജനപ്രതിനിധികള്‍ക്ക് കൊമ്പും തേറ്റയുമല്ല,വാലാണ് വേണ്ടത്. അവര്‍ ജനസേവകരെന്നാണ് ഭരണഘടന സങ്കല്‍പിച്ചിട്ടുള്ളത് -സാറാ ജോസഫ് വ്യക്തമാക്കി.

 

Latest