Kerala
നോമ്പുകാലത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രൻ പുറത്തുവിടണം: പി കെ ഫിറോസ്
അടുത്ത നോമ്പ് കാലത്ത് രാമനാട്ടുകര മുതൽ എടപ്പാൾ വരെ യാത്ര ചെയ്യാൻ സുരേന്ദ്രനെ അദ്ദേഹം ക്ഷണിച്ചു

കോഴിക്കോട് | നോമ്പുകാലത്ത് മലപ്പുറത്ത് വെള്ളം കിട്ടില്ലെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്ത്. നോമ്പുകാലത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രൻ പുറത്തുവിടണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. അടുത്ത നോമ്പ് കാലത്ത് രാമനാട്ടുകര മുതൽ എടപ്പാൾ വരെ യാത്ര ചെയ്യാൻ സുരേന്ദ്രനെ അദ്ദേഹം ക്ഷണിച്ചു. യാത്രയിലൂടെ ആരോപണം ശരിയാണോ എന്ന് ബോധ്യപ്പെടുമെന്നും ഫിറോസ് പറഞ്ഞു.
നോമ്പിൽ കച്ചവടം കുറയുന്നതിനാലാണ് കടകൾ അടച്ചിടുന്നത്. കച്ചവടം കൂട്ടാൻ ബിജെപിക്കാരെ മലപ്പുറത്തേക്ക് അയക്കാൻ സുരേന്ദ്രൻ തയ്യാറാവട്ടെ എന്നും ഫിറോസ് പരിഹസിച്ചു. സുരേന്ദ്രൻ ദിവസവും നുണ പറയുകയാണ്. സ്ഥാനം പോയതിലുള്ള വിഷമമാണോ ഇതിന് കാരണമെന്ന് അറിയില്ല.
സുരേന്ദ്രൻ മതേതരത്വത്തെക്കുറിച്ച് പറയുന്നത് ഹിറ്റ്ലർ അഹിംസയെക്കുറിച്ച് പറയുന്നതുപോലെയാണ്. സംസ്ഥാന സർക്കാർ സുരേന്ദ്രന്റെ പരാമർശങ്ങൾക്ക് മറുപടി പറയണം. വിദ്വേഷ പ്രചാരണത്തിൽ സുരേന്ദ്രന് എതിരെ കേസെടുക്കാത്തതിൽ അത്ഭുതമില്ല. കൊടകര കേസിൽ സുരേന്ദ്രനെ സാക്ഷിയാക്കിയവരാണ് ഇവർ.
കേരളത്തില്‍ പിന്നാക്ക സംവരണം മുസ്ലിംങ്ങള്‍ തട്ടിയെടുക്കുന്നു എന്ന ആരോപണത്തില്‍ ചർച്ചയ്ക്ക് തയ്യാറാണ്. ജാതി സെൻസസ് നടത്തിയാൽ യാഥാർഥ്യം വ്യക്തമാകും. ജാതി സെൻസസിനെ എതിർക്കുന്ന ബിജെപിക്ക് സുരേന്ദ്രൻ കെണിയൊരുക്കുകയാണോ എന്നും സംശയമുണ്ട്. മുസ്ലിങ്ങൾക്ക് അർഹമായത് പോലും കിട്ടിയിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നുവെന്നും ഫിറോസ് കൂട്ടിച്ചേർത്തു.