Editorial
സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര
മതപരമായ ആചാരങ്ങള്‍ തടസ്സപ്പെടുത്തി മതവിശ്വാസികളുടെ വികാരം മുറിപ്പെടുത്തുകയും അപ്പേരില്‍ ഉടലെടുക്കുന്ന പ്രതിഷേധത്തില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നത് ജനാധിപത്യ തത്ത്വങ്ങളുടെ ലംഘനവും രാഷ്ട്രീയ അധാര്‍മികതയുമാണ്.
കടുത്ത സന്ദേഹങ്ങള്‍ക്കിടയാക്കിയ സംഭവമായിരുന്നു തൃശൂര്‍ പൂരനഗരിയിലെ സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര. പൂരദിവസം വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുണ്ടായിരുന്ന നഗരിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമനുവദിച്ചിരുന്നില്ല. മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് പോലും നിയന്ത്രണം. ആംബുലന്‍സുകള്‍ക്ക് സഞ്ചരിക്കാന്‍ കൃത്യമായ വഴി നിശ്ചയിച്ചിരുന്നു. ഈ നിയന്ത്രണങ്ങളത്രയും അവഗണിച്ചാണ് സുരേഷ് ഗോപി പൂരനഗരിയിലൂടെ ആംബുലന്‍സില്‍ തിരുവമ്പാടി ഓഫീസിനു സമീപം വന്നിറങ്ങി ദേവസ്വം ഭാരവാഹികളുമായി രഹസ്യ സംഭാഷണം നടത്തിയത്.
ആര്‍ എസ് എസിന്റെ പോഷക സംഘടനയായ സേവാഭാരതിയുടെ ആംബുലന്‍സിലായിരുന്നു യാത്ര. പൂരനഗരിയില്‍ അദ്ദേഹം ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. അതേസമയം, ആംബുലന്‍സിലല്ല, ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ കാറിലാണ് പൂരനഗരിയില്‍ എത്തിയതെന്നാണ് സുരേഷ് ഗോപി ആദ്യം പറഞ്ഞത്. മാത്രമല്ല, ആംബുലന്‍സില്‍ യാത്ര ചെയ്തുവെന്ന് പറയുന്നവര്‍ കണ്ടത് മായാകാഴ്ചയായിരിക്കുമെന്നും കുറ്റപ്പെടുത്തി. ബി ജെ പി ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ സുരേഷ് ഗോപിയുടെ വാദം തള്ളുകയും സ്വരാജ് ഗ്രൗണ്ടില്‍ സുരേഷ് ഗോപി സഞ്ചരിച്ചത് ആംബുലന്‍സില്‍ തന്നെയാണെന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് അദ്ദേഹം മൊഴി തിരുത്തിയത്.
ആംബുലന്‍സില്‍ തന്നെയായിരുന്നു യാത്ര; പൂരം കാണാനെത്തിയവരെ പോലീസ് തല്ലിയതിനെക്കുറിച്ച് ചോദിക്കാനാണ് അവിടെ പോയതെന്നായിരുന്നു പിന്നീടുള്ള മലക്കംമറിച്ചില്‍. കാലിനു വയ്യാത്തത് കൊണ്ടായിരുന്നുവത്രെ ആംബുലന്‍സില്‍ കയറിയത്. അസുഖം കാരണം കാല്‍ ഇഴച്ചായിരുന്നു പതിനഞ്ചോളം ദിവസം നടന്നതെന്നും അദ്ദേഹം പറയുന്നു. ‘രാഷ്ട്രീയമില്ലാത്ത’ ചില യുവാക്കളായിരുന്നുവത്രെ ആംബുലന്‍സില്‍ കയറ്റിക്കൊടുത്തത്. എങ്കില്‍ സ്വരാജ് ഗ്രൗണ്ട് വരെ എങ്ങനെയാണാവോ അദ്ദേഹം ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ കാറില്‍ യാത്ര ചെയ്തത്. ആകെക്കൂടി ദുരൂഹം.
പൂരം അലങ്കോലപ്പെടുകയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബി ജെ പിയുടെ വിജയം ഉറപ്പാക്കാനായിരുന്നു പൂരം കലക്കിയതെന്ന വിവരം പുറത്തുവരികയും ചെയ്തതോടെ സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര സംബന്ധിച്ച ദുരൂഹത പിന്നെയും വര്‍ധിച്ചു. അന്ന് തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമാണ് വിവാദ യാത്ര നടത്തിയതെന്ന ആരോപണവും ഉയര്‍ന്നു. ഗതാഗത നിയന്ത്രണവും തിരഞ്ഞെടുപ്പ് ചട്ടങ്ങളും ലംഘിച്ചു നടത്തിയ ഈ യാത്ര സംബന്ധിച്ച് അന്നേ കേസെടുത്ത് അന്വേഷണം നടത്തേണ്ടതായിരുന്നു. പോലീസ് അന്ന് നാടകം കളിച്ചു. ഏതായാലും സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയില്‍ പോലീസ് ഇപ്പോള്‍ ഉത്തരവാദ നിര്‍വഹണത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയില്‍ കേസ് ചാര്‍ജ് ചെയ്തിരിക്കുകയാണ് തൃശൂര്‍ ഈസ്റ്റ് പോലീസ്.
അടിയന്തര ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള ആംബുലന്‍സ് നിയമവിരുദ്ധമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തി, പൂരവുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന മേഖലയില്‍ മനുഷ്യജീവഹാനിക്കിട വരുത്തും വിധം ജനത്തിരക്കിലൂടെ ആംബുലന്‍സ് ഓടിച്ചു തുടങ്ങിയ പരാതികളില്‍ ഐ പി സിയിലെയും മോട്ടോര്‍ വാഹന ആക്ടിലെയും ആറ് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പൂരം അലങ്കോലപ്പെട്ടതും സുരേഷ് ഗോപിയുടെ യാത്രയും തമ്മില്‍ ബന്ധമുണ്ടെന്നാണ് പരാതിക്കാരനായ അഡ്വ. സുമേഷിന്റെ പക്ഷം. സുരേഷ് ഗോപി പൂരനഗരിയില്‍ എത്തരുതെന്നും ചര്‍ച്ചകള്‍ നടത്തരുതെന്നും പോലീസിന് അജന്‍ഡയുണ്ടായിരുന്നു; ആ തടസ്സങ്ങളെ അതിജീവിച്ചാണ് ആംബുലന്‍സില്‍ അദ്ദേഹത്തെ അവിടെ എത്തിച്ചതെന്ന ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശവും നിയന്ത്രണങ്ങള്‍ ലംഘിച്ചായിരുന്നു യാത്രയെന്ന് വ്യക്തമാക്കുന്നുണ്ട്.
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ഗൂഢാലോചന നടന്നതായും പൂരം നിര്‍ത്തിവെക്കാതിരിക്കാന്‍ പാറമേക്കാവ് ദേവസ്വവും തൃശൂര്‍ ജില്ലാ ഭരണകൂടവും പരമാവധി ശ്രമിച്ചിട്ടും തിരുവമ്പാടി ദേവസ്വം വഴങ്ങിയില്ലെന്നും നിര്‍ത്തിവെക്കാന്‍ അവര്‍ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നുവെന്നുമാണ് എ ഡി ജി പിയുടെ അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയുടെ തിരുവമ്പാടി ദേവസ്വം ഓഫീസിലേക്കുള്ള ആംബുലന്‍സ് യാത്ര എന്തിനായിരുന്നുവെന്ന ചോദ്യം ഉയരുന്നതും പൂരം നിര്‍ത്തിവെക്കാനുള്ള തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനത്തിനു പിന്നില്‍ സുരേഷ് ഗോപിയുടെ സമ്മര്‍ദമുണ്ടായിരുന്നില്ലേ എന്ന സംശയം ഉടലെടുക്കുന്നതും. പൂരം അലങ്കോലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധവും വിശ്വാസികളുടെ വികാരവുമാണ് തൃശൂരില്‍ ഇത്തവണ ബി ജെ പി സ്ഥാനാര്‍ഥിയുടെ വിജയത്തിന് വഴിയൊരുക്കിയതെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലും ഇതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
പാര്‍ട്ടിയുടെ നയപരിപാടികളുമായി ജനങ്ങളെ സമീപിച്ച് വോട്ട് തേടുന്നതാണ് ജനാധിപത്യ മര്യാദ. ഇതിനുപകരം മതപരമായ ആചാരങ്ങള്‍ തടസ്സപ്പെടുത്തി മതവിശ്വാസികളുടെ വികാരം മുറിപ്പെടുത്തുകയും അപ്പേരില്‍ ഉടലെടുക്കുന്ന പ്രതിഷേധത്തില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നത് ജനാധിപത്യ തത്ത്വങ്ങളുടെ ലംഘനവും രാഷ്ട്രീയ അധാര്‍മികതയുമാണ്. തിരഞ്ഞെടുപ്പിന്റെ സ്വതന്ത്ര സ്വഭാവത്തെയും നിഷ്പക്ഷതയെയും ബാധിക്കുന്ന, അതീവ ഗൗരവതരമായ വിഷയമാണിത്. കേവല ട്രാഫിക് നിയമലംഘനമായി കണ്ടാല്‍പോരാ, അപകടകരമായ രാഷ്ട്രീയ ഗൂഢാലോചനയായി കാണേണ്ടതുണ്ട് സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര. കേസ് ചാര്‍ജ് ചെയ്തതു കൊണ്ടായില്ല, ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണ്.