Connect with us

National

കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു

കേരളത്തെ ടൂറിസം രംഗത്ത് ഭാരത്തിന്റെ തിലകക്കുറിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി | മൂന്നാം എന്‍ഡിഎ സര്‍ക്കാരില്‍ കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു.ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയ സുരേഷ്‌ഗോപിയെ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹര്‍ദീപ് സിങ് പുരി സ്വീകരിച്ചു. പെട്രോളിയത്തിന് പുറമേ പ്രകൃതിവാതകം, ടൂറിസം എന്നീ വകുപ്പുകളിലും സുരേഷ്‌ഗോപി പദവി വഹിക്കും.

പെട്രോളിയം രംഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്ന തരത്തിലുള്ള വികസനത്തിനായി തന്റേതായ സംഭാവനകള്‍ നല്‍കാന്‍ ശ്രമിക്കുമെന്ന് സുരേഷ്‌ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ഭാരിച്ച ഉത്തരവാദിത്തമാണ് തനിക്ക് ലഭിച്ചത് .തീര്‍ത്തും പുതിയ സംരംഭമാണ് താന്‍ ഏറ്റെടുത്തത്. സീറോയില്‍ നിന്നാണ് സ്റ്റാര്‍ട്ട് ചെയ്യുന്നത്. കേരളത്തെ ടൂറിസം രംഗത്ത് ഭാരത്തിന്റെ തിലകക്കുറിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.കൊല്ലം തീരത്ത് എണ്ണശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ എണ്ണഖനന സാധ്യത പരിശോധിക്കും. തന്റെ ജന്മസ്ഥലമാണ് കൊല്ലമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാത്രി കോഴിക്കോട് എത്തുന്ന സുരേഷ് ഗോപി തളി ക്ഷേത്രം സന്ദര്‍ശിക്കും. കൂടാതെ ജില്ലയിലെ പ്രമുഖരെയും കാണും.നാളെ രാവിലെ പയ്യാമ്പലം ബീച്ചില്‍ മാരാര്‍ ജി സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തുമെന്നും നായനാരുടെ വീട്ടിലെത്തി ശാരദ ടീച്ചറെ സുരേഷ്‌ഗോപി കാണുമെന്നും വിവരമുണ്ട്.

Latest