Kerala
പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ സുരേഷ് ഗോപിയെ 'ആക്ഷൻ ഹീറോ'യായി എത്തിച്ചു; എൻഡിഎ സ്ഥാനാർഥിക്ക് എഡിജിപി വഴിവെട്ടി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പൂരത്തെ രക്ഷിക്കാന്‍ വന്ന ഹീറോ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് പരിവേഷം ഉണ്ടാക്കിക്കൊടുത്തത് ഭരണപക്ഷമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
തിരുവനന്തപുരം | തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പൂരപ്പറമ്പില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ രക്ഷകനായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ആക്ഷന്‍ ഹീറോയായി അവതരിപ്പിച്ചുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തില്‍ പറഞ്ഞു.
പൂരം കലങ്ങിയപ്പോള്‍ മന്ത്രിമാരായ കെ രാജനും ആര്‍ ബിന്ദുവിനും സംഭവസ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ല. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കിട്ടാത്ത സൗകര്യം പൂരപ്പറമ്പില്‍ സുരേഷ് ഗോപിക്ക് ഒരുക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഡിജിപി എം ആര്‍ അജിത് കുമാര്‍ ഉത്തരവ് നല്‍കാതെ ആംബുലന്‍സില്‍ സ്ഥലത്തെത്താന്‍ സുരേഷ് ഗോപിക്ക് പോലീസ് അനുമതി നല്‍കുമോ? സുരേഷ് ഗോപിക്ക് വഴിവെട്ടിക്കൊടുക്കുകയാണ് എഡിജിപി ചെയ്തത്. പൂരത്തെ രക്ഷിക്കാന്‍ വന്ന ഹീറോ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് പരിവേഷം ഉണ്ടാക്കിക്കൊടുത്തത് ഭരണപക്ഷമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറിന് കൊടുക്കാത്ത പ്രാധാന്യം സുരേഷ് ഗോപിക്ക് നല്‍കിയത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനാണ്. പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.