Kerala
പൊതുവേദിയിൽ ഇടത് സർക്കാറിനെ വാഴ്ത്തി കൊടിക്കുന്നിൽ സുരേഷ്
പി സി വിഷ്ണുനാഥിനെ വേദിയിലിരുത്തിയാണ് സജി ചെറിയാനും സർക്കാറിനുമുള്ള കൊടിക്കുന്നിലിൻ്റെ പുകഴത്തൽ
ചെങ്ങന്നൂര്‍ | സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കൊടിക്കുന്നില്‍ സുരേഷ് എം പി. നാടിന് എന്തൊക്കെ ഇല്ലാതിരുന്നോ ആ അവസ്ഥയില്‍ നിന്ന് എല്ലാം നേടുന്ന കാലത്തിലാണ് നാം കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന ആക്ഷേപവുമായി പ്രതിപക്ഷം സര്‍ക്കാരിനെതിരെ നിരന്തരം സമരം ചെയ്യുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി കെ പി സി സി ഉപാധ്യക്ഷന്‍ കൂടിയായ കൊടിക്കുന്നില്‍ സുരേഷ് രംഗത്തുവന്നിരിക്കുന്നത്. ചെങ്ങന്നൂരിലെ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടന വേദിയിലാണ് കൊടിക്കുന്നില്‍ സംസ്ഥാന സര്‍ക്കാരിനെയും മന്ത്രി സജി ചെറിയാനെയും പ്രശംസാ വാക്കുകള്‍ കൊണ്ട് പൊതിഞ്ഞത്.
കോണ്‍ഗ്രസ് എം എല്‍ എ. പി സി വിഷ്ണുനാഥിനെ വേദിയിലിരുത്തിയാണ് കൊടിക്കുന്നിലിന്റെ പ്രശംസയെന്നതും ശ്രദ്ധേയമാണ്. കെ റെയില്‍ സമരകാലത്ത് സജി ചെറിയാന്റെ കടുത്ത വിമര്‍ശകനായിരുന്ന കൊടിക്കുന്നിലിന്റെ പെട്ടെന്നുള്ള മനംമാറ്റം സദസ്യരെയും അദ്ഭുതപ്പെടുത്തി. കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ കാര്യങ്ങളൊക്കെ ഇപ്പോള്‍ നടക്കുന്നു എന്നും ചെങ്ങന്നൂരില്‍ ഏറ്റവും അധികം വികസനം ഉണ്ടായത് ഈ കാലയളവിലാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
പുതിയ റോഡുകള്‍, പാലങ്ങള്‍, ജില്ലാ ആശുപത്രി കെട്ടിടം, സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കം ചെങ്ങന്നൂര്‍ വികസനത്തില്‍ വളരെ മുന്നേറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വികസന കാര്യങ്ങളില്‍ മന്ത്രി സജി ചെറിയാനോടൊപ്പം എത്താന്‍ ആര്‍ക്കും കഴിയില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
ഞാന്‍ ഒന്നു ശ്രമിച്ചു നോക്കിയെങ്കിലും കഴിഞ്ഞില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായി ചെങ്ങന്നൂര്‍ മാറി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പദ്ധതി ഉദ്ഘാടനങ്ങള്‍ നടക്കുന്നത് ചെങ്ങന്നൂരാണ്.വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് ഉണ്ടാകുന്ന കാലതാമസത്തിന് ഉദ്യോഗസ്ഥരെ മാത്രം പഴിക്കാതെ അത് പൂര്‍ത്തീകരിക്കാനുള്ള കര്‍ശനമായ ആര്‍ജ്ജവം ജനപ്രതിനിധികള്‍ കാണിക്കണം. സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനുള്ള കാലതാമസം ഉദ്യോഗസ്ഥരുടെ വിമുഖത മുലമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു.