Kerala
ജോര്‍ജ് എം തോമസിനെതിരായ മിച്ചഭൂമി കേസ്; തെളിവെടുക്കാതെ മടങ്ങാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം
പ്രതിഷേധത്തിനൊടുവില്‍ ഉദ്യോഗസ്ഥര്‍ തെളിവ് സ്വീകരിച്ചു.
കോഴിക്കോട് | സി പി എം നേതാവും മുന്‍ എം എല്‍ എയുമായ ജോര്‍ജ് എം തോമസിനെതിരായ മിച്ചഭൂമി കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം. സ്ഥലത്തെത്തിയ ലാന്‍ഡ് ബോര്‍ഡ് ഉദ്യോഗസ്ഥന്മാര്‍ പരാതിക്കാരില്‍ നിന്ന് തെളിവ് ശേഖരിക്കാതെ മടങ്ങാന്‍ ശ്രമിച്ചു. ഇത് പരാതിക്കാരെ പ്രകോപിതരാക്കുകയായിരുന്നു. പ്രതിഷേധത്തിനൊടുവില്‍ ഉദ്യോഗസ്ഥര്‍ തെളിവ് സ്വീകരിച്ചു.
പരാതിക്കിടയാക്കിയ തോട്ടുമുക്കത്തെ മിച്ചഭൂമിയില്‍ നേരിട്ടെത്തി തെളിവ് ശേഖരിക്കാനുള്ള ലാന്‍ഡ് ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയത്. 16 ഏക്കര്‍ 40 സെന്റ് വരുന്നതാണ് ഭൂമി.
2000 ത്തിലാണ് ഇത് മിച്ചഭൂമിയാണെന്ന് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയത്. 2003 ല്‍ ഹൈക്കോടതി ഈ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നുള്ള വകുപ്പുതല നടപടികളില്‍ അട്ടിമറി ആരോപിച്ച് പരാതിക്കാര്‍ ലാന്‍ഡ് ബോര്‍ഡ് കമ്മീഷണറെ സമീപിക്കുകയായിരുന്നു.
കൊടിയത്തൂര്‍ വില്ലേജിലെ റീസര്‍വേ 188/2ല്‍ ഉള്‍പ്പെട്ട, ജോര്‍ജ് എം തോമസിന്റെയും സഹോദരങ്ങളുടെയും 16.4 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനാണ് ലാന്‍ഡ് ബോര്‍ഡ് വിധി്. വിധിക്കെതിരേ ജോര്‍ജ് എം തോമസ് ഹൈക്കോടതിയെ സമീപിച്ചു.