Malappuram
വിസ്മയമായി മുഹമ്മദ് ഫാദിലിന്റെ റോബോട്ട്; അടുക്കളയിൽ നിന്ന് തീൻമേശയിലേക്ക്
എട്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഫാദിലാണ് ഫുഡ് സെർവിംഗ് റോബോട്ട് വികസിപ്പിച്ചെടുത്തത്.
മലപ്പുറം | തീൻമേശയിലേക്ക് ആവശ്യമായ ഭക്ഷണവുമായി മുഹമ്മദ് ഫാദിലിന്റെ കുഞ്ഞു റോബോട്ട് എത്തും. എട്ടാം ക്ലാസ് വിദ്യാർഥിയായ വെളിയങ്കോട് മുളമുക്ക് സ്വദേശി വട്ടപ്പറമ്പിൽ ബശീറിന്റെ മകൻ മുഹമ്മദ് ഫാദിലാണ് ഫുഡ് സെർവിംഗ് റോബോട്ട് വികസിപ്പിച്ചെടുത്തത്.
ഈ 13കാരന്റെ കണ്ടുപിടുത്തങ്ങളോരോന്നും ആരെയും അമ്പരപ്പിക്കുന്നതാണ്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ നിർമിക്കുന്നതിൽ ഏറെ കമ്പമുള്ള ഫാദിൽ ഇതിനകം മാഗ്‌നറ്റിക് ലാംബ്, ഇ ഇൻക്വുബിലേറ്റർ, ഒപ്റ്റിക്കൽ അവോയ്ഡ് റോബോട്ട് എന്നിവക്ക് ശേഷമാണ് ഫുഡ് സെർവിംഗ് റോബോട്ട് വികസിപ്പിച്ചെടുത്തത്. ചെലവ് കുറഞ്ഞ രീതിയിൽ കാർ ബോർഡ് പേപ്പർ, ഐ ആർ സെൻസർ, അർഡ്വിനൗനോ എന്നിവ ഉപയോഗിച്ചായിരുന്നു റോബോട്ടിനെ വികസിപ്പിച്ചത്. ഭക്ഷണ വസ്തുക്കൾ നൽകിയാൽ തറയിലുള്ള വരയിലൂടെ ഡൈനിംഗ് റൂമിലേക്ക് സെൻസർ ഉപയോഗിച്ച് നീങ്ങുന്ന തരത്തിലാണ് നിര്‍മാണം.
സഊദിയിൽ ഇലക്ട്രോണിക്‌സ് കട നടത്തുന്ന പിതാവിന്റെ കടയിൽ നിന്നും ലഭിച്ച അറിവും യൂട്യൂബിൽ നിന്നും കിട്ടിയ വിവരങ്ങളും ഉപയോഗിച്ചാണ് ഫാദിൽ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നത്. രണ്ട് വർഷം മുമ്പാണ് ഇവർ നാട്ടിലെത്തിയത്.
ചെസ്സിൽ മിടുക്കനായ ഫാദിൽ കേരളത്തിലെ പത്ത് മികച്ച കളിക്കാരിലൊരാളാണ്. ഫേസ് റക്കഗനിഷൻ റോബോട്ട് നിർമിക്കണമെന്നതാണ് ഈ കുരുന്ന് പ്രതിഭയുടെ ആഗ്രഹം. പിതാവ് ബശീറിന്റെയും മാതാവ് റുഖ് സാനയുടെയും സഹോദരങ്ങളായ മുഹമ്മദ് ഫാസിന്റെയും ഫാത്വിമ സിയ ബശീറിന്റെയും പൂർണ പിന്തുണയുമുണ്ട്.