National
യു പി ഷാഹി ജമാ മസ്ജിദില്‍ സര്‍വേ; പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
പോലീസ് ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു
ന്യൂഡല്‍ഹി | ഉത്തര്‍ പ്രദേശിലെ സംബാലില്‍ ഷാഹി ജമാ മസ്ജിദില്‍ സര്‍വേ നടത്താന്‍ എത്തിയ അഭിഭാഷക കമ്മീഷനെതിരെയുണ്ടായ പ്രതിഷേധത്തിനു നേരെ ഉണ്ടായ പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നദീം അഹമ്മദ്, ബിലാല്‍ അന്‍സാരി എന്നിവരാണ് കൊല്ലപ്പെട്ടത്. പോലീസ് വെടിവെപ്പിലാണ് ഇവര്‍ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രതിഷേധക്കാര്‍ക്കുനേരെ വെടിവച്ചതായിപൊലീസ് പറഞ്ഞു.
കോടതി ഉത്തരവിനെ തുടര്‍ന്നാണ് മസ്ജിദില്‍ പോലീസ് സംരക്ഷണയോടെ അഭിഭാഷക കമ്മിഷന്‍ എത്തിയത്. മുഗള്‍ ഭരണകാലത്ത് ക്ഷേത്രം തകര്‍ത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് സംബാല്‍ ജില്ലാ കോടതി സര്‍വേ നടത്താന്‍ ഉത്തരവിട്ടത്. അഭിഭാഷക കമ്മിഷനു നേരെ ഒരുസംഘം കല്ലെറിഞ്ഞതായി പോലീസ് പറഞ്ഞു.
പോലീസ് ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രതിഷേധക്കാര്‍ ചില വാഹനങ്ങള്‍ക്കും തീയിട്ടു. കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാല്‍ കര്‍ശന നടപടി എടുക്കുമെന്ന് ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നല്‍കി. പ്രതിഷേധത്തിനിടെ ഉച്ചയോടെ സര്‍വേ നടപടികള്‍ അഭിഭാഷക കമ്മീഷന്‍ പൂര്‍ത്തിയാക്കി.