National
ബിബിസി ഓഫീസുകളിലെ സര്‍വേ: കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി
ഈ ഓപ്പറേഷന്‍ ജനാധിപത്യത്തിനെതിരായ ആക്രമണമാണ്, ഇതിന് കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദി.
പട്ന| ബിബിസി ഓഫീസുകളിലെ സര്‍വേയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. കേന്ദ്ര ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുകയും ഇന്ത്യയെ നാഥുറാം ഗോഡ്സെയുടെ രാജ്യമാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാരിനെതിരെ സംസാരിക്കുന്ന ആരെയും നേരിടുമെന്ന സന്ദേശം നല്‍കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. അവര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. ബിബിസിയില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ഗുജറാത്തില്‍ എന്താണ് സംഭവിച്ചതെന്നും അറിയാമെന്നും തേജസ്വി പറഞ്ഞു.
മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. ഈ ഓപ്പറേഷന്‍ ജനാധിപത്യത്തിനെതിരായ ആക്രമണമാണ്, ഇതിന് കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈയിലെ കലിന സാന്താക്രൂസിലെയും ദേശീയ തലസ്ഥാനത്തെ കെജി മാര്‍ഗിലെയും ബിബിസി ഓഫീസുകളെക്കുറിച്ചുള്ള ഐ-ടി സര്‍വേ വ്യാഴാഴ്ച രാത്രി അവസാനിച്ചു.