Save Lakshadweep
ലക്ഷദ്വീപില്‍ സര്‍ക്കാര്‍ വക ഭൂമിയുടെ കണക്കെടുപ്പ്; തീരുമാനത്തിനെതിരെ ദ്വീപ് നിവാസികളുടെ പ്രതിഷേധം
വിവിധ വകുപ്പുകളുടെ ആവശ്യത്തിനുവേണ്ടി പൊതുജന ക്ഷേമപദ്ധതികള്‍ക്ക് നല്‍കിയ ഭൂമി ഒഴികെയുള്ള മറ്റെല്ലാം തിരിച്ചു പിടിക്കാനാണ് തീരുമാനം.
കൊച്ചി| ലക്ഷദ്വീപില്‍ സര്‍ക്കാര്‍ വക ഭൂമിയുടെ കണക്കെടുക്കുന്ന തീരുമാനത്തിനെതിരെ പ്രതിഷേധം. ദ്വീപ് നിവാസികള്‍ കൃഷി, താമസ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഭൂമി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്. ഈ ഉത്തരവിനെ കുറിച്ച് വ്യക്തമായി അറിയില്ലെന്നാണ് ദ്വീപ് നിവാസികളുടെ പ്രതികരണം. വിവിധ ദ്വീപുകളിലായി ആളുകള്‍ സ്വന്തമാക്കിയിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയുടെ വ്യക്തമായ കണക്കെടുക്കാനാണ് ഭരണകൂടം നിര്‍ദേശിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളുടെ ആവശ്യത്തിനുവേണ്ടി പൊതുജന ക്ഷേമപദ്ധതികള്‍ക്ക് നല്‍കിയ ഭൂമി ഒഴികെയുള്ള മറ്റെല്ലാം തിരിച്ചു പിടിക്കാനാണ് തീരുമാനം.
ദ്വീപില്‍ ഭവന രഹിതരായവര്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണ പദ്ധതിക്ക് വേണ്ടിയാണ് സ്ഥലം തിരിച്ചുപിടിക്കുന്നതതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഭരണകൂടത്തിന്റെ ജനദ്രോഹ ഉത്തരവുകളുടെ തുടര്‍ച്ചയാണിതെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്. കവരത്തി, ആന്ത്രോത്ത്, മിനിക്കോയി അഗത്തി, കല്‍പ്പേനി തുടങ്ങിയ ദ്വീപുകളിലാണ് സര്‍ക്കാര്‍ഭൂമി അധികമുള്ളത്. നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്കും ഉന്നത അധികാരികള്‍ക്കും സങ്കടഹര്‍ജി നല്‍കാനുള്ള നീക്കത്തിലാണ് ദ്വീപ് നിവാസികള്‍.