National
ഷാഹി ജുമാ മസ്ജിദിലെ സര്‍വേ നിര്‍ത്തിവെക്കണം; പള്ളി കമ്മറ്റിയുടെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
സര്‍വേക്ക് ഉത്തരവിട്ട പ്രാദേശിക സിവില്‍ കോടതിയുടെ നടപടി റദ്ദാക്കണമെന്നും സര്‍വെ നിര്‍ത്തിവെക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേക്കെതിരെ പള്ളി കമ്മിറ്റി നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.സര്‍വേക്ക് ഉത്തരവിട്ട പ്രാദേശിക സിവില്‍ കോടതിയുടെ നടപടി റദ്ദാക്കണമെന്നും സര്‍വെ നിര്‍ത്തിവെക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
സിവില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോഴാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശത്ത് ഈ മാസം 30 വരെ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി നിരോധിച്ചിരുന്നു. പുറത്തുനിന്നുള്ളവര്‍ക്കുള്ള പ്രവേശനത്തിനും നിരോധം ഏര്‍പ്പെടുത്തിയിരുന്നു. സ്‌കൂളുകള്‍ അടച്ചതായും ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു.സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 21 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഹിന്ദുക്ഷേത്രത്തിന്റെ സ്ഥാനത്താണ് പള്ളി നിര്‍മിച്ചതെന്ന അവകാശവാദത്തെ തുടര്‍ന്ന് വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മസ്ജിദില്‍ സര്‍വേ നടത്തിയിരുന്നു. ഞായറാഴ്ച മസ്ജിദിലെ രണ്ടാം സര്‍വേയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.