k rail protest
കോട്ടയത്ത് സര്‍വേ പുനരാരംഭിച്ചു: നട്ടാശേരിയില്‍ 12 ഇടത്ത് കല്ലിട്ടു
തഹസില്‍ദാറെ തടഞ്ഞ് പ്രതിഷേധം; സുരക്ഷക്കായി വന്‍ പോലീസ് സന്നാഹം
കോട്ടയം | എതിര്‍പ്പുകള്‍ തുടരുന്നതിനിടെ കോട്ടയത്ത് കെ റെയില്‍ സര്‍വേ പുനരാരംഭിച്ചു. നട്ടാശേരിയില്‍ 12 ഇടത്ത് കെ റെയില്‍ ഉദ്യോഗസ്ഥര്‍ സര്‍വേകല്ല് സ്ഥാപിച്ചു. നാട്ടുകാരും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും തുടരുന്ന പ്രതിഷേധത്തിനിടെയായിരുന്നു കല്ലിടല്‍. തഹസീല്‍ദാരെ തടഞ്ഞുവെച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.
ഇന്ന് രാവിലെയാണ് വന്‍ പോലീസ് സന്നാഹത്തോടെ കെറെയില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ഈ സമയം ചുരുക്കം ചില പ്രതിഷേധക്കാര്‍ മാത്രമെ സ്ഥലത്തുണ്ടായിരുന്നുള്ളു. ഇതിനിടെയാണ് അതിവേഗം കല്ലിടല്‍ നടപടികള്‍ തുടങ്ങിയത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് കല്ല് സ്ഥാപിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.
അതേസമയം സ്ഥാപിച്ച കല്ലുകളെല്ലാം വൈകുന്നേരത്തിനകം പിഴുതെറിയുമെന്ന് സമരക്കാര്‍ പറഞ്ഞു. കൂടുതല്‍ കല്ല് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു. സ്ഥലത്തേക്ക് കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നട്ടാശേരിയില്‍ അതിരടയാള കല്ല് സ്ഥാപിക്കാന്‍ വന്ന ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞ സാഹചര്യത്തില്‍ സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. സമരക്കാര്‍ കല്ല് പിഴുതെടുത്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത 175 പേര്‍ക്കെതിരെ പോലീസ് കേസുടുക്കുകയും ചെയ്തിരുന്നു.