Business
ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഫോണില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് സര്‍വ്വേ
പല ഉപയോക്താക്കളും വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷാ രീതികള്‍ പാലിക്കുന്നില്ലെന്നും അവരുടെ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, മറ്റ് നിര്‍ണായക വിവരങ്ങള്‍ ഫോണില്‍ സൂക്ഷിക്കുന്നതിലൂടെ സുരക്ഷിതമല്ലാത്ത രീതിയാണ് തുടരുന്നത്.
ന്യൂഡല്‍ഹി| ഡിജിറ്റല്‍ കാലഘട്ടത്തില്‍, ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ നിന്ന് ഷോപ്പിംഗ് നടത്തുമ്പോള്‍ ഇന്റര്‍നെറ്റ് ബാങ്കിംഗിനെയാണ് ആളുകള്‍ ആശ്രയിക്കുക. അതിനാല്‍ ഉപഭോക്താക്കള്‍ അവരുടെ ഫോണിലോ ഇമെയില്‍ ഐഡിയിലോ ആണ് ഡെബിറ്റ്, ക്രെഡിറ്റ്, എടിഎം കാര്‍ഡ് എന്നിവയുടെ പിന്‍, ആധാര്‍ കാര്‍ഡ്, പാന്‍ നമ്പറുകള്‍, മറ്റു പ്രാധാനപ്പെട്ട പാസ്വേഡുകള്‍ എന്നീ വിവരങ്ങള്‍ സൂക്ഷിക്കുക.ഈ പ്രവണത കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. കാരണം ഹാക്കര്‍മാര്‍ പലപ്പോഴും ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ഈ വിശദാംശങ്ങളാണ് ലക്ഷ്യമിടുന്നത്.
അടുത്തിടെ നടത്തിയ ഒരു സര്‍വ്വേയില്‍ പറയുന്നത്, പല ഉപയോക്താക്കളും വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷാ രീതികള്‍ പാലിക്കുന്നില്ലെന്നും അവരുടെ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, മറ്റ് നിര്‍ണായക വിവരങ്ങള്‍ തുടങ്ങിയവ ഫോണില്‍ സൂക്ഷിക്കുന്നതിലൂടെ സുരക്ഷിതമല്ലാത്ത രീതിയാണ് തുടരുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേയില്‍ രാജ്യത്താകമാനമുള്ള 393 ജില്ലകളിലെ 24,000 -ത്തിലധികം ആളുകളില്‍ നിന്ന് പ്രതികരണങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സര്‍വേ പ്രകാരം, ചോദ്യത്തിന് ഉത്തരം നല്‍കിയ 8,158 പേരില്‍ 29 ശതമാനം ആളുകളും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് എടിഎം പിന്‍ നമ്പറുകല്‍ ‘ഒന്നോ അതിലധികമോ’ അടുത്ത കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. നാല് ശതമാനം പേര്‍ കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയതായി പറഞ്ഞു. 65 ശതമാനം ആളുകള്‍ പിന്‍ നമ്പര്‍ സംബന്ധിച്ച വിവരങ്ങള്‍ മറ്റാരുമായും പങ്കുവെച്ചിട്ടില്ലെന്ന് പറഞ്ഞു.
ബാങ്ക് അക്കൗണ്ട് നമ്പര്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് സിവിവി നമ്പര്‍, എടിഎം പിന്‍, ആധാര്‍ അല്ലെങ്കില്‍ പാന്‍ കാര്‍ഡ് തുടങ്ങിയ സെന്‍സിറ്റീവ് വിവരങ്ങളെക്കുറിച്ചുള്ള സര്‍വേയില്‍ പങ്കെടുത്ത 8,260 പ്രതികരണങ്ങളില്‍ 21 ശതമാനം പേരും വിവരങ്ങള്‍ മനപാഠമാക്കിയവരാണ്. 39 ശതമാനം പേര്‍ രേഖാമൂലം പേപ്പറില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നവരുമാണ്.
സര്‍വ്വേയില്‍ പ്രതികരിച്ചവരില്‍ 33 ശതമാനം പേരും ഫോണുകളിലും ഇമെയിലിലും കമ്പ്യൂട്ടറിലും ഡിജിറ്റല്‍ രൂപത്തില്‍ ഡാറ്റ സംഭരിക്കുന്നുവെന്ന് സര്‍വേ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികരിച്ചവരില്‍ ഏതാണ്ട് 11 ശതമാനം ആളുകളും സ്വകാര്യതയ്ക്ക് ഹാനികരമാണെന്ന് തെളിയിക്കാവുന്ന പ്രധാനപ്പെട്ട വിവരങ്ങള്‍ അവരുടെ ഫോണ്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സൂക്ഷിക്കുന്നുണ്ട്.