Kerala
അതിജീവിത ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
കേസുമായി ബന്ധപ്പെട്ടുള്ള തന്റെ സംശയങ്ങള്‍ അതിജീവിത മുഖ്യമന്ത്രിയോട് വ്യക്തമാക്കും.
കൊച്ചി | ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കും. ഇന്ന് രാവിലെ സെക്രട്ടേറിയറ്റിലായിരിക്കും കൂടിക്കാഴ്ച. കേസന്വേഷണം അട്ടിമറിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നടി ഹരജി നല്‍കിയത് വിവാദമായിരിക്കെയാണ് കൂടിക്കാഴ്ച. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിജീവിത ഹരജി നല്‍കിയത് ദുരൂഹമാണെന്ന് ആരോപിച്ച് ഇടത് നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിറകെയാണ് അതിജീവിത മുഖ്യമന്ത്രിയെ കാണുന്നതെന്നത് ശ്രദ്ധേയമാണ്. കേസുമായി ബന്ധപ്പെട്ടുള്ള തന്റെ സംശയങ്ങള്‍ അതിജീവിത മുഖ്യമന്ത്രിയോട് വ്യക്തമാക്കും.
അതിജീവിതയെ വിശ്വാസത്തിലെടുത്താണ് ഇതുവരെ കേസ് നടത്തിയതെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഹരജി നല്‍കിയ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കള്‍ അതിജീവിതയ്‌ക്കെതിരെ വിമര്‍ശനവുമുയര്‍ത്തിയിരുന്നു.