Kerala
കഞ്ചാവ് കേസില്‍ ജാമ്യമെടുത്തു മുങ്ങി; പ്രതി വീണ്ടും അറസ്റ്റില്‍
അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 2.85 കിലോ കഞ്ചാവ് പിടിച്ച കേസിലെ രണ്ടാം പ്രതി അടൂര്‍ പെരിങ്ങനാട് മേലൂട് സതീഷ് ഭവനം വീട്ടില്‍ വിനീഷ് (30) ആണ് അറസ്റ്റിലായത്.

പത്തനംതിട്ട | കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി പിന്നീട് കോടതിയില്‍ ഹാജരാവാതെ ഒളിച്ചുമാറി നടന്ന രണ്ട് പ്രതികളില്‍ ഒരാളെ അടൂര്‍ പോലീസ് പിടികൂടി. അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 2.85 കിലോ കഞ്ചാവ് പിടിച്ച കേസിലെ രണ്ടാം പ്രതി അടൂര്‍ പെരിങ്ങനാട് മേലൂട് സതീഷ് ഭവനം വീട്ടില്‍ വിനീഷ് (30) ആണ് അറസ്റ്റിലായത്.
പാലമേല്‍ കുടശ്ശനാട് കഞ്ചിക്കോട് പൂവണ്ണും തടത്തില്‍ അന്‍സല്‍ ആണ് കേസിലെ ഒന്നാം പ്രതി. ഇരുവരെയും 2022 ജൂണ്‍ 29 ന് അടൂര്‍ നെല്ലിമൂട്ടില്‍ പടിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ നിന്നും തുണി സഞ്ചിയില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. റിമാന്‍ഡിലായ പ്രതികള്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയും, 2024 നവംബര്‍ 28നു ശേഷം പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി രണ്ടില്‍ വിചാരണക്ക് ഹാജരാവാതെ മുങ്ങുകയുമായിരുന്നു.
പന്നിവേലിക്കല്‍ വെറ്റക്കൊടിക്കുള്ളില്‍ ഷെഡ് കെട്ടി ഒളിച്ചുതാമസിക്കുകയായിരുന്നു പ്രതി. അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്യാം മുരളിയുടെ മേല്‍നോട്ടത്തില്‍ എസ് ഐ. അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കുടുക്കിയത്. പോലീസ് സംഘത്തില്‍ പ്രൊബേഷന്‍ എസ് ഐ. വിഷ്ണു, സി പി ഒമാരായ നിതിന്‍, രാഹുല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.