Connect with us

Kerala

സിങ്കപ്പൂരില്‍ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം തട്ടിയ പ്രതി പിടിയില്‍

സഞ്ജിത്തിന്റെ സുഹൃത്തുക്കളും മറ്റും ജോലിക്കായി നല്‍കിയ തുകകള്‍ ഉള്‍പ്പെടെ ആകെ 5,23,500 രൂപയാണ് പ്രതി പലരില്‍ നിന്നായി തട്ടിയെടുത്തത്

Published

|

Last Updated

പത്തനംതിട്ട |  സിങ്കപ്പൂരില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞു പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍.തിരുവല്ല മുത്തൂര്‍ രാമന്‍ചിറ സെലസ്റ്റിയന്‍ ഫിനിക്സ് വീട്ടില്‍ നിതീഷ് കൃഷ്ണ(38)യാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി സ്വദേശി സഞ്ജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി. 12,85,00 രൂപയാണ് യുവാവിന് നഷ്ടമായത്.

ജോലി സംബന്ധിച്ച പരസ്യം കണ്ട്, അതിലെ ലിങ്കിലൂടെ അന്വേഷണം നടത്തിയ യുവാവിന് തിരുവല്ല റവന്യൂ ടവറിലുള്ള റോയല്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ നമ്പര്‍ ലഭിച്ചു. ഇതില്‍ ബന്ധപ്പെട്ടതിനെതുടര്‍ന്നാണ് പിതാവുമായി എത്തി നേരിട്ട് 50,000 രൂപ ല്‍കിയത്. പിന്നീട്, പലതവണയായി 78,500 രൂപ ഗൂഗിള്‍ പേ ചെയ്യുകയായിരുന്നു. ഇതിന് പുറമെ സഞ്ജിത്തിന്റെ സുഹൃത്തുക്കളും മറ്റും ജോലിക്കായി നല്‍കിയ തുകകള്‍ ഉള്‍പ്പെടെ ആകെ 5,23,500 രൂപയാണ് പ്രതി പലരില്‍ നിന്നായി തട്ടിയെടുത്തത്. ആര്‍ക്കും തന്നെ പറഞ്ഞ ജോലി നല്‍കുകയോ, വാങ്ങിയ പണം തിരികെ കൊടുക്കുകയോ ചെയ്തിട്ടില്ല എന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

വിസ എന്ന വ്യാജേന കൃത്രിമമായി നിര്‍മ്മിച്ച ലെറ്റര്‍ പ്രതി യുവാവിന് നല്‍കിയിരുന്നു. സംശയം തോന്നിയ യുവാവ് പലരോടും അന്വേഷിച്ചപ്പോഴാണ് താനും സുഹൃത്തുക്കളും ഉള്‍പ്പെടെ പലരും തട്ടിപ്പിന് ഇരയായ വിവരം അറിയുന്നത്. തുടര്‍ന്നാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്. പ്രതി നിധീഷ് കൃഷ്ണയ്ക്ക് ഇതുകൂടാതെ മൂന്ന് വഞ്ചന കേസുകള്‍ കൂടി തിരുവല്ല പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

Latest