Kerala
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയില്‍
വ്യാജ അക്കൗണ്ട് നിര്‍മിച്ചിട്ട് ഏറെ നാളായതിനാല്‍ പരാതിക്കാര്‍ നിരവധിയുണ്ടാവുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
നേമം | വിദേശത്ത് ജോലി വാഗ്ദാനവും സിനിമയില്‍ അഭിനയിക്കാന്‍ അവസരവും നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് പരസ്യം നല്‍കി പണം തട്ടിയ പ്രതി അറസ്റ്റില്‍. വെള്ളനാട് ശങ്കരമുഖം പനച്ചക്കോണത്ത് തെക്കേക്കര വീട്ടില്‍ സണ്ണി ഐസക്ക് ആണ് പിടിയിലായത്. പ്രതി കാനഡയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് പറ്റിച്ച യുവതി നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
ഒരുവര്‍ഷം മുമ്പ് അരുണ്‍ ഐഎസ് എന്ന പേരില്‍ ഇയാള്‍ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി. തുടര്‍ന്ന് സ്വന്തമായി തയാറാക്കിയ പരസ്യം പോസ്റ്റ് ചെയ്തു. സിനിമകളില്‍ അഭിനയിക്കാന്‍ അവസരമുണ്ടാക്കി നല്‍കുമെന്നും കാനഡ ഇംഗ്ലണ്ട് എന്നീ വിദേശ രാജ്യങ്ങളില്‍ ജോലി തരപ്പെടുത്തി നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. ആവശ്യക്കാര്‍ നേരിട്ട് എത്തുമ്പോള്‍ കോട്ടും ടൈയും കണ്ണടയും ധരിച്ച് എക്‌സിക്യൂട്ടീവ് സ്‌റ്റൈലിലാണ് ഇയാള്‍ പ്രത്യക്ഷപ്പെടുക. തുടര്‍ന്ന് ഫോണിലൂടെ ചാറ്റ് ചെയ്ത് വിശ്വാസ്യത വരുത്തിയ ശേഷം പണം തട്ടുന്നതായിരുന്നു രീതി.
പരസ്യം ശരിയാണെന്ന് വിശ്വസിച്ച് പരാതിക്കാരി ഇയാള്‍ക്ക് ആദ്യം 25,000 രൂപയും പിന്നീട് 30,000 രൂപയും പിന്നീട് 35,000 രൂപയും നല്‍കി. ഗൂഗിള്‍പേ വഴി പണം സ്വീകരിച്ച ശേഷം പിന്നീട് പ്രതി മുങ്ങുകയായിരുന്നു. തുടര്‍ന്ന് തട്ടിപ്പ് മനസ്സിലാക്കിയതോടെ യുവതി പോലീസില്‍ പരാതി നല്‍കി.
2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാജ അക്കൗണ്ട് നിര്‍മിച്ചിട്ട് ഏറെ നാളായതിനാല്‍ പരാതിക്കാര്‍ നിരവധിയുണ്ടാവുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.