Kerala
റബ്ബര്‍ ഷീറ്റ് അടിക്കുന്ന റോളറുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍
റോളറുകള്‍ കടത്താന്‍ ഉപയോഗിച്ച പ്രതിയുടെ കാറും പിടിച്ചെടുത്തു.
അടൂര്‍ | റബ്ബര്‍ ഷീറ്റ് അടിക്കുന്ന റോളറുകള്‍ മോഷ്ടിച്ച പ്രതിയെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ വടക്കടത്തുകാവ് ഷാജി ഭവനം വീട്ടില്‍ ഷാജി തങ്കച്ചന്‍(49) ആണ് അടൂര്‍ പോലീസിന്റെ പിടിയിലായത്. അടൂര്‍ ഏറത്ത് തുവയൂര്‍ വടക്ക് ലക്ഷ്മി ഭവനം ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്റെ മൂന്ന് റോളറുകളാണ് 17ന് പുലര്‍ച്ചെ പ്രതി മോഷ്ടിച്ചത്.
15,000 രൂപയോളം വിലവരുന്ന റോളറുകളാണ് മോഷണം പോയത്. സബ് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബുവിന് നല്‍കിയ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ന്ന് നടത്തിയ തെളിവെടുപ്പില്‍ നൂറനാട് പാറ ജങ്ഷന് സമീപത്തുള്ള ആക്രിക്കടയില്‍ നിന്നും റോളറുകള്‍ കണ്ടെടുത്തു. റോളറുകള്‍ കടത്താന്‍ ഉപയോഗിച്ച പ്രതിയുടെ കാറും പിടിച്ചെടുത്തു. എസ് ഐ. ടി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.