Kerala
കാപ്പ ചുമത്തി നാടുകടത്തിയ പ്രതി ഇലക്ട്രിക് വയര്‍ മോഷ്ടിച്ച കേസില്‍ പിടിയില്‍
നിലവിൽ 12 ഓളം ക്രിമിനല്‍ കേസുകള്‍ പ്രതിക്കെതിരെയുണ്ട്
![](https://assets.sirajlive.com/2022/12/crime-897x538.gif)
കോഴിക്കോട് | കാപ്പ ചുമത്തി നാടുകടത്തപ്പെട്ട പ്രതിയെ മറ്റൊരു കേസില്‍ പിടികൂടി. തിരുവനന്തപുരം ജില്ലയില്‍ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയ കിളിമാനൂര്‍ സ്വദേശി കിഴക്കുംകര കുന്നുംപുറത്ത് വീട്ടില്‍ സുധീരനെ(42)യാണ് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. മായനാട് വെച്ച് ഇലക്ട്രിക് വയര്‍ മോഷ്ടിച്ചതിനാണ് അറസ്റ്റ്. മായനാട് സ്വദേശിയായ സുനില്‍കുമാര്‍ എന്നയാളുടെ വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന 5,500 രൂപ വിലവരുന്ന ഇലക്ട്രിക് വയര്‍ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്.
പ്രതിക്ക് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍, കല്ലമ്പലം, പള്ളിക്കല്‍, നാഗരൂര്‍ എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലുമായി പള്ളിയുടെ ബോര്‍ഡും ഓഫീസും അടിച്ചു തകര്‍ത്തതിനും വീടുകളിലും സ്ഥാപനങ്ങളിലും അതിക്രമിച്ചുകയറി മോഷണം നടത്തിയതിനും വധശ്രമത്തിനും കോഴിക്കോട് ജില്ലയിലെ ടൗണ്‍ സ്റ്റേഷനില്‍ ഫ്രാന്‍സിസ് റോഡിലുള്ള വീട്ടിലേക്ക് അതിക്രമിച്ചുകയറി കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ഇരുമ്പ് ഷീറ്റുകളും വീടുപണിക്ക് ഉപയോഗിക്കുന്ന ഇരുമ്പ് പൈപ്പുകള്‍ മോഷ്ടിച്ചതിനും ഉള്‍പ്പെടെ 12 ഓളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
റെയില്‍വേ സ്റ്റേഷന്‍ സമീപത്തുള്ള ടൂറിസ്റ്റ് ഹോമിന് മുന്‍വശം വെച്ച് ഗ്ലാസ്സ് കൊണ്ട് കുത്തിക്കൊല്ലാന്‍ നോക്കിയതിനും കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.