National
ഇന്ധന ചോർച്ചയെന്ന് സംശയം; ദുബൈയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം കറാച്ചിയില്‍ ഇറക്കി
പറന്നുകൊണ്ടിരിക്കെ വിമാനത്തിലെ അപകട സൂചന നല്‍കുന്ന ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് തെളിയുകയായിരുന്നു.

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം ഇന്ധന ചോർച്ചയെന്ന സംശയത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കി. പറന്നുകൊണ്ടിരിക്കെ വിമാനത്തിലെ അപകട സൂചന നല്‍കുന്ന ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് തെളിയുകയായിരുന്നു. തുടര്‍ന്നാണ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടത്. സംഭവത്തിൽ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു.
സ്‌പൈസ് ജെറ്റ് ബി 737 വിമാനമാണ് തിരിച്ചവിട്ടത്. വിമാനം കറാച്ചിയില്‍ സുരക്ഷിതമായി ഇറങ്ങുകയും യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കുകയും ചെയ്തു. വിമാനത്തിന് എന്തെങ്കിലും തകരാറ് സംഭവിച്ചതായി നേരത്തെ സൂചന ഒന്നും ലഭിച്ചിട്ടില്ലെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു.
യാത്രക്കാരെ കറാച്ചിയില്‍ ഇറക്കി ലഘുഭക്ഷണം നല്‍കി. ഇവരെ ദുബൈയിലേക്ക് കൊണ്ടുപോകാന്‍ മറ്റൊരു വിമാനം കറാച്ചിയിലേക്ക് അയച്ചതായും കമ്പനി അറിയിച്ചു.
രണ്ട് ദിവസം മുമ്പ് ഡല്‍ഹിയില്‍ നിന്ന് ജബല്‍പൂരിലേക്ക് പറന്ന സ്‌പൈസ് ജെറ്റ് വിമാനം ക്യാബിനില്‍ പുക കണ്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. 5000 അടി ഉയരത്തില്‍ വിമാനം പറക്കവെയാണ് ക്യാബിനില്‍ പുക കണ്ടത്.
ജൂണ്‍ 19 ന് 185 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ പട്‌നയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തിരുന്നു.