Connect with us

Kerala

ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങിയതായി സംശയം; ദൃശ്യങ്ങള്‍ പുറത്ത്

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Published

|

Last Updated

തൃശൂര്‍ |  ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സൗത്ത് ജംഗ്ഷന് സമീപം ബസ് സ്റ്റാന്‍ഡിനടുത്ത് കണ്ണമ്പുഴ അമ്പലം റോഡിലൂടെ പുലി കടന്നു പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവില്‍ സ്ഥിര താമസമാക്കിയ കുടുംബത്തിന്റെ വീട്ടിലെ സിസിടിവിയിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. കാല്‍പാട് ഉള്‍പ്പെടെ പരിശോധിച്ച ശേഷമാകും പുലിയാണോയെന്ന് സ്ഥിരീകരിക്കുകയെന്ന് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം തൃശൂര്‍ കൊരട്ടിയിലും പുലിയെ കണ്ടിരുന്നു. ചൊവ്വാഴ്ച ദേവമാത ആശുപത്രിക്ക് സമീപം മത്സ്യബന്ധനത്തിനെത്തിയ പ്രദേശവാസിയായ ജോയ് എന്നയാളാണ് പുലിയെ കണ്ടത്. പുലിയെ കണ്ട് ഭയന്നോടിയ ഇയാള്‍ പറഞ്ഞതനുസരിച്ച് നാട്ടുകാര്‍ രാത്രി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വനംവകുപ്പ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Latest