പാലക്കാട് അട്ടപ്പാടിയില്‍ കാണാതായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. പുതൂര്‍ പോലീസ് സ്റ്റേഷനിലെ സി പി ഒ ആയ മുരുകന്‍, സഹപ്രവര്‍ത്തകന്‍ കാക്കന്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ചെമ്പവട്ടകാടില്‍ നിന്നും മറ്റൊരാളുടേത് സ്വര്‍ണഗദയില്‍ നിന്നുമാണ് കണ്ടെത്തിയത്.
നാലാം ദിവസമായിട്ടും മുരുകന്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് പോലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചത്. ഊരില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് കുറവാണ്. അതുകൊണ്ട് തന്നെ മുരുകന്‍ വീട്ടിലെത്തിയിട്ടില്ലെന്ന കാര്യം പോലീസിന് അറിയില്ലായിരുന്നു. വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരമറിഞ്ഞത്.
വനംവകുപ്പും പോലീസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കനത്ത മഴ പെയ്യുന്നതിനാല്‍ അട്ടപ്പാടിയിലെ പരകാര്‍ പുഴ കരകവിഞ്ഞ് ഒഴുകിയിരുന്നു. പുഴയിലെ ഒഴുക്കില്‍ പെട്ടായിരിക്കാം ഇരുവരുടെയും മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.