Foreign job scam
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതികള്‍ക്ക് കഠിനതടവും പിഴയും
6 കേസുകളിലാണ് വിധി. ഓരോ കേസിലും 5 വര്‍ഷം വീതം കഠിനതടവ് അനുഭവിക്കണം.
പത്തനംതിട്ട | എക്‌സോഡസ് ഇന്റര്‍നാഷണല്‍ എന്ന കമ്പനി വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം ജോലിയോ പണമോ ലഭ്യമാക്കാതെ തട്ടിപ്പ് നടത്തിയതിന് രജിസ്റ്റര്‍ ചെയ്ത 6 കേസുകളില്‍ 4 പ്രതികള്‍ക്ക് 5 വര്‍ഷം വീതം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മാജിസ്‌ട്രേറ്റ് കോടതി.
പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത്, അന്ന് പത്തനംതിട്ട ഡി വൈ എസ് പി ആയിരുന്ന റഫീഖിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച 6 കേസുകളിലാണ് വിധി. ഓരോ കേസിലും 5 വര്‍ഷം വീതം കഠിനതടവ് അനുഭവിക്കണം. കമ്പനിയുടെ ഉടമസ്ഥന്‍, മാനേജര്‍, ഏജന്റുമാര്‍ എന്നിവരുള്‍പ്പെടെ 4 പേരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മജിസ്‌ട്രേറ്റ് ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. 6 കേസുകളിലും ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴ കേസില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ആര്‍ പ്രദീപ് കുമാര്‍ ഹാജരായ കേസില്‍, ലെയ്സണ്‍ ഓഫീസറായി പ്രവര്‍ത്തിച്ചത് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ് സി പി ഓ അനുരാജ് ആണ്.പാലക്കാട് ആലത്തൂര്‍ അസന്‍പറമ്പുവീട്ടില്‍ സ്റ്റാന്‍ലി സൈമണ്‍(54), കോട്ടയം ചങ്ങനാശേരി തോട്ടക്കാട ഇരവിചിറക്കര ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഹണിമോന്‍ സി ആന്റണി(42), പത്തനംതിട്ട വള്ളിക്കോട് കടമുക്ക് നെടുവിളയില്‍ വീട്ടില്‍ സാനു തോമസ്(45), പത്തനംതിട്ട പ്രമാടം തെങ്ങുംകാവ് പുത്തന്‍കാവ് വീട്ടില്‍ ബിനു എന്നു വിളിക്കുന്ന ബിനു വര്‍ഗീസ്(51), കോട്ടയം കങ്ങഴ മ്ലാവീണ പാറക്കല്‍ വീട്ടില്‍ രാജേഷ എന്ന മനോജ(45), പാലക്കാട് ആലത്തൂര്‍ അസന്‍പറമ്പുവീട്ടില്‍ സീനത്ത് സ്റ്റാന്‍ലി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.