Kerala
ആശുപത്രികള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ഫോണ്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍
പ്രതികള്‍ മൊബൈല്‍ഫോണുകള്‍ രാമനാട്ടുകരയിലെ മൊബൈല്‍കടയില്‍ വിറ്റതിനു ശേഷം പണം വീതിച്ചെടുക്കുകയായിരുന്നു
പെരിന്തല്‍മണ്ണ | ആശുപത്രികള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ഫോണും പണവും മോഷണം നടത്തിയ രണ്ട് പ്രതികള്‍ അറസ്റ്റില്‍. വയനാട് സുല്‍ത്താന്‍ബത്തേരി പഴേരി സ്വദേശി നായക്കന്മാര്‍കുന്നത്ത് ബഷീര്‍ (49), കോഴിക്കോട് ഫറോക്ക് സ്വദേശി തോട്ടുപാടം മുനീര്‍ (36) എന്നിവരാണ് പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്.
പെരിന്തല്‍മണ്ണയിലെ ആശുപത്രികളില്‍ നിന്ന് രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും മൊബൈല്‍ഫോണുകളും പണവും മോഷണം പോകുന്നതായി വ്യാപകപരാതികള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസിന് ബഷീറിനെ കുറിച്ച് സൂചന ലഭിച്ചു .തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തപ്പോള്‍ മോഷ്ടിച്ച ഫോണുകള്‍ മുനീറിന് കൈമാറിയതായി പ്രതി സമ്മതിച്ചു.
പ്രതികള്‍ മൊബൈല്‍ഫോണുകള്‍ രാമനാട്ടുകരയിലെ മൊബൈല്‍കടയില്‍ വിറ്റതിനു ശേഷം പണം വീതിച്ചെടുക്കുകയായിരുന്നു. ബഷീറിന്റെ പേരില്‍ നിരവധി മോഷണകേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മുനീര്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈലും പണവും മോഷ്ടിച്ചതിന് ജയിലിലായിരുന്നു.തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്.പ്രതികള്‍ രണ്ടുപേരും ജയിലില്‍ വെച്ചാണ് പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
ഇന്‍സ്‌പെക്ടര്‍ എംഎസ് രാജീവ്, എസ്‌ഐ ഷിജോ സി തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.