raging case
സഹപാഠിയെ അടിച്ചു പരിക്കേല്‍പ്പിച്ച രണ്ടു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
മൂലങ്കാവ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ശബരിനാഥിനാണ് മര്‍ദ്ദനമേറ്റത്
![](https://assets.sirajlive.com/2024/06/untitled-4-2-897x538.jpg)
വയനാട് | പത്താം ക്ലാസുകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തില്‍ രണ്ടുവിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. മൂലങ്കാവ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ശബരിനാഥിനാണ് മര്‍ദ്ദനമേറ്റത്.
ഏഴ് ദിവസത്തേക്കാണ് രണ്ടുപേരെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രധാന അധ്യാപികയോടാണ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി ഉണ്ടാകുമെന്ന് ഡി ഡി ഇ ശശീന്ദ്ര വ്യാസ് അറിയിച്ചു. ആദ്യം പരിക്കേറ്റ കുട്ടിയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത സ്‌കൂള്‍ അധികൃതര്‍ പിന്നീട് സംഭവം സ്‌കൂളിനു കളങ്കമാകുമെന്ന നിലയില്‍ പിന്നോട്ടു പോയതായി ബന്ധുക്കള്‍ ആരോപിച്ചു.
പ്രത്യേക കമ്മറ്റി ഉണ്ടാക്കി അന്വേഷിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് പരിചയപ്പെടാന്‍ എന്ന പേരില്‍ വിളിച്ചുവരുത്തിയാണ് ശബരിനാഥിനെ മര്‍ദിച്ചത്. കത്രിക കൊണ്ട് ഒരു വിദ്യാര്‍ത്ഥി ശരീരത്തിന്റെ പല ഭാഗങ്ങളില്‍ കുത്തിപ്പരിക്കല്‍പ്പിച്ചു. ശബരി നാഥിനെ ആദ്യം നൂല്‍പ്പുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുല്‍ത്താന്‍ബത്തേരി പോലീസെത്തി വിദ്യാര്‍ഥിയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചു. നിലവില്‍ സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ അല്ല ശബരിനാഥ്.
അടുത്ത ദിവസം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് പോലീസ് പറയുന്നത്. കണ്ണിന്റെ താഴെ, ചെവി എന്നിവിടങ്ങളില്‍ പരിക്കുണ്ട്. മറ്റൊരു സ്‌കൂളിലായിരുന്ന ശബരീനാഥ് ഈ വര്‍ഷമാണ് മൂലങ്കാവ് സ്‌കൂളില്‍ പ്രവേശനം നേടിയത്.കേസുമായി മുന്നോട്ട് പോകുമെന്ന് ശബരീനാഥിന്റെ അമ്മ സ്മിത പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ കിട്ടിയില്ലെന്നും അവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദം വന്നുവെന്നും സ്മിത ആരോപിച്ചു. ശബരിനാഥനെ കല്പറ്റ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.