suspension
കൈക്കൂലി: ഹെഡ്മാസ്റ്റർക്കും എ ഇ ഒക്കും സസ്പെൻപെൻഷൻ
അഴിമതി ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം | കോട്ടയത്ത് അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്മാസ്റ്ററെയും എ ഇ ഒയെയും സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അഴിമതി ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസിന് നിര്‍ദേശം നല്‍കിയിരുന്നു.
കോട്ടയം ചാലുകുന്ന് സി എൻ ഐ എൽ പി സ്കൂളിലെ സാം ജോൺ ടി തോമസാണ് ഇന്നലെ വിജിലൻസിൻ്റെ പിടിയിലായത്. കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കെന്ന പേരിലാണ് അധ്യാപികയിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയത്. മറ്റൊരു സ്കൂളിലെ അധ്യാപികയായ പരാതിക്കാരിയുടെ സേവന കാലാവധി ക്രമവത്കരിക്കുന്നതിന് കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് സാം ജോൺ ടി തോമസ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈക്കൂലി നൽകി വേഗത്തിൽ ശരിയാക്കി തരാമെന്ന് പരാതിക്കാരിക്ക് ഉറപ്പ് നൽകി. ഇതിനായി കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു.
അധ്യാപിക ഈ വിവരം കോട്ടയം വിജിലൻസ് കിഴക്കൻ മേഖലാ പോലീസ് സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് ഡിവൈ എസ് പി രവി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ പരിസരത്ത് കാത്തുനിന്നു. ഇന്നലെ രാവിലെ സ്കൂളിൽ വെച്ച് പരാതിക്കാരിയിൽ നിന്നും കൈക്കൂലി വാങ്ങവെയാണ് ഹെഡ്മാസ്റ്ററെ പിടികൂടിയത്.