Kerala
എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍; പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും.

തിരുവനന്തപുരം|സസ്പെന്‍ഷനിലുള്ള എന്‍ പ്രശാന്ത് ഐഎഎസിന്റെ പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. വകുപ്പുതല നടപടികളില്‍ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുന്നത്. ഹിയറിംഗിനായി അടുത്ത ആഴ്ച നേരിട്ട് ഹാജരാകാന്‍ എന്‍ പ്രശാന്ത് ഐഎഎസിന് നോട്ടീസ് നല്‍കി.
2024 നവംബര്‍ 11നാണ് എന്‍ പ്രശാന്ത് സസ്‌പെന്‍ഷനിലായത്. ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിലാണ് സസ്‌പെന്‍ഷന്‍. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവര്‍ത്തിച്ചെന്നുമായിരുന്നു സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവിലുണ്ടായിരുന്നത്. ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് തിരിച്ച് വിശദീകരണ നോട്ടീസ് പ്രശാന്ത് നല്‍കിയിരുന്നു.