Connect with us

National

സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്ന് പേരിട്ട ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ത്രിപുര പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

Published

|

Last Updated

അഗര്‍ത്തല|പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് ത്രിപുര സര്‍ക്കാര്‍. ത്രിപുര പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെ സസ്പെന്‍ഡ് ചെയ്തു. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് വിശ്വഹിന്ദു പരിഷത്ത് കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് സിംഹങ്ങള്‍ക്ക് പേരിട്ട ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്. 1994 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് പ്രബിന്‍ ലാല്‍ അഗര്‍വാള്‍. അദ്ദേഹം ത്രിപുരയുടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി സേവനമനുഷ്ഠിക്കുകയായിരുന്നു.

സിലിഗുരി സഫാരി പാര്‍ക്കിലെ അക്ബര്‍, സീത സിംഹങ്ങളുടെ പേരിനെ ചൊല്ലിയും അവയെ ഒപ്പം താമസിപ്പിക്കുന്നതിനെ ചൊല്ലിയുമാണ് വിവാദമുണ്ടായത്. അക്ബര്‍ സിംഹത്തെയും സീത സിംഹത്തെയും ഒരുമിച്ച് പാര്‍പ്പിച്ച ബംഗാള്‍ വനം വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശ്വഹിന്ദു പരിഷത്ത് ബംഗാള്‍ വിങാണ് കോടതിയെ സമീപിച്ചത്. സംസ്ഥാന വനം വകുപ്പാണ് സിംഹങ്ങള്‍ക്ക് പേരിട്ടതെന്നും വി എച്ച് പി വാദിച്ചു. കൂടാതെ അക്ബര്‍ സിംഹത്തെയും സീത സിംഹത്തെയും ഒരുമിച്ച് പാര്‍പ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും വി എച്ച് പി പറഞ്ഞിരുന്നു.

സിംഹത്തിന്റെ പേര് മാറ്റണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് അടുത്തിടെയാണ് സിംഹങ്ങളെ എത്തിച്ചതെന്ന് വനം വകുപ്പ് വിശദീകരിച്ചു. സീതക്ക് അഞ്ചര വയസ്സും അക്ബറിന് ഏഴ് വയസ്സും എട്ട് മാസവുമാണ് പ്രായം. ഫെബ്രുവരി 13 ന് സഫാരി പാര്‍ക്കില്‍ രണ്ട് സിംഹങ്ങളെയും എത്തിച്ചതിന് ശേഷം പേര് മാറ്റിയിട്ടില്ലെന്നും വനം വകുപ്പ് വ്യക്തമാക്കിയിരുന്നു.

അക്ബര്‍, സീത വിവാദങ്ങള്‍ക്കിടയില്‍ സിംഹങ്ങളുടെ പേര് മാറ്റി പ്രശ്നം അവസാനിപ്പിക്കണമെന്ന് കല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വിശ്വഹിന്ദു പരിഷത്ത് നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെ വ്യാഴാഴ്ചയാണ് കല്‍ക്കത്ത ഹൈക്കോടതി സിംഹങ്ങളുടെ പേര് മാറ്റാന്‍ നിര്‍ദേശിച്ചത്. വിശ്വഹിന്ദു പരിഷത്ത് നല്‍കിയ ഹരജി പൊതുതാല്‍പര്യ ഹരജിയായി മാറ്റണമെന്നും ഹൈക്കോടതി പറഞ്ഞു. സിംഹങ്ങള്‍ക്ക് ദൈവങ്ങളുടെയോ സ്വാതന്ത്ര സമര സേനാനികളുടെയോ നോബല്‍ ജേതാക്കളുടെയോ പേര് നല്‍കുമോയെന്നും പ്രശ്നങ്ങളില്ലത്ത എത്ര പേരുകള്‍ ഉണ്ടെന്നും കോടതി ചോദിച്ചു. എന്നാല്‍ സിംഹങ്ങള്‍ക്ക് പേരിട്ടത് ത്രിപുരയാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പേര് മാറ്റാനായി സംസ്ഥാനം ആലോചിക്കുന്നതായും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

 

 

 

 

Latest