National
ലോക്സഭയിൽ സസ്പെൻഷൻ നടപടി തുടരുന്നു; കേരളത്തിൽ നിന്നുള്ള രണ്ട് എംപിമാർക്ക് കൂടി സസ്പെൻഷൻ
കേരള കോൺഗ്രസ് (മാണി) നേതാവ് തോമസ് ചാഴികാടനെയും സിപിഎമ്മിലെ എഎം ആരിഫിനെയുമാണ് ലോക്സഭാ സ്പീക്കർ ഓം ബിർള സസ്പെന്ഡ് ചെയ്തത്.
ന്യൂഡൽഹി | ലോക്സഭയിൽ മോശം പെരുമാറ്റം ആരോപിച്ച് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്യുന്നത് തുടരുന്നു. ഇന്ന് രണ്ട് മലയാളി എംപിമാരെ കൂടി സസ്പെൻഡ് ചെയ്തു. കേരള കോൺഗ്രസ് (മാണി) നേതാവ് തോമസ് ചാഴികാടനെയും സിപിഎമ്മിലെ എഎം ആരിഫിനെയുമാണ് ലോക്സഭാ സ്പീക്കർ ഓം ബിർള സസ്പെന്ഡ് ചെയ്തത്. ഇതോടെ ഈ സമ്മേളന കാലയളവിൽ സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം 143 ആയി. ലോക്സഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സമ്മേളന കാലയളവിൽ ഇത്രയും അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്നത്.
പാർലിമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് സസ്പെൻഷൻ പ്രമേയം അവതരിപ്പിച്ചത്. രണ്ട് എംപിമാരെയും സമ്മേളനത്തിന്റെ ശേഷിക്കുന്ന ഭാഗത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
141 എംപിമാരെ സസ്പെൻഡ് ചെയ്തതിന് എതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സസ്പെൻഷൻ നടപടി സ്പീക്കർ തുടരുന്നത്. പാർലിമെന്റ് സുരക്ഷാ വീഴ്ച സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി സഭയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതാണ് നടപടിക്ക് ഇടയാക്കിയത്.